പ്രകൃതികഥകൾ പറയുന്ന രണ്ട് പുസ്തകങ്ങളായ, മാർട്ടിൻ ജെ ഗുഡ്മാന്റെ "My Head for a Tree" യും നേഹ സിൻഹയുടെ "Wild Capital" ഉം തമ്മിലുള്ള കണ്ടുമുട്ടലായിരുന്നു KLF 2026 -ന്റെ തൂലിക വേദിയിലെ നാലാമത്തെ സെഷൻ. ബിഷ്‌ണോയി വർഗ്ഗക്കരെകുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നേഹ സിൻഹ മോഡറേറ്ററായ സെഷനിൽ മാർട്ടിൻ ജെ ഗുഡ്മാൻ സംസാരിച്ചു തുടങ്ങിയത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ Bishnoi വർഗ്ഗക്കാരുടെ പ്രസക്തിയെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള അവരുടെ തത്വചിന്തയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബിഷ്‌ണോയി വർഗ്ഗക്കാർ തങ്ങളുടെ മഹാരാജാവ് വനഭൂമി ദുരുപയോഗം ചെയ്യുന്നതിനെതിരായി പ്രതിഷേധിച്ചപ്പോൾ നിരവധി ബിഷണോയ്കളെ ശിരഛേദത്തിന് ഇരയാക്കി, ഈ സാഹചര്യത്തിൽ അക്കാലത്തെ പരിസ്ഥിതി പ്രവർത്തകയായ അമൃത ദേവി പറഞ്ഞ"My head for a tree is a cheap price to pay" എന്ന വാക്കുകളാണ് തന്റെ പുസ്തകത്തിന്റെ തലക്കെട്ടായതെന്ന് ഗുഡ്മാൻ പറഞ്ഞു.
60 വർഷക്കാലയളവിനിടയിൽ 27000ത്തോളം മരങ്ങൾ വെച്ച് പിടിപ്പിച്ച Ranaram Bishno-യെ കുറിച്ചുള്ള ഒരു ഭാഗം തന്റെ പുസ്തകത്തിൽ നിന്ന് വായിച്ച് മനുഷ്യരുടെ ജീവിതത്തിൽ മരങ്ങളുടെ പ്രാധാന്യത്തെ പറ്റി ഗുഡ്മാൻ ഓർമപ്പെടുത്തി. നഗരവൽക്കരണത്തിന്റെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഡൽഹി പോലെയുള്ള ഒരു സ്ഥലത്ത് ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനുള്ള തന്റെ പോരാട്ടത്തെ കുറിച്ച് നേഹ സിൻഹ പറയുകയുണ്ടായി. അവർ അതിനായി കണ്ടെത്തിയ ഉത്തരം പ്രകൃതിയായിരുന്നു എന്ന്, മഹുവാ(Mahua) മരങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകത്തിലെ ഒരു ഭാഗം വായിച്ചു കൊണ്ട് നേഹ സിൻഹ പറഞ്ഞു. പ്രശ്നങ്ങൾ വരുമ്പോൾ ഇന്നത്തെ തലമുറയെപ്പോലെ, ആകുലപ്പെടുന്നതിന് പകരം പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തുന്ന രീതിയാണ് ബിഷണോയികളുടേത് എന്ന് ഗുഡ്മാൻ എടുത്തുകാട്ടി. ഇതിനായി ഗുരു ജംബോജിയുടെ നിർദ്ദേശങ്ങൾ അവർ പിന്തുടർന്നു.
പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതിൽ ഭൂരിഭാഗം പങ്കും വലിയ കോർപറേറ്റുകളുടേതാണ്, അതിനാൽ വ്യക്തിപരമായ ഇടപെടലുകൾക്ക് എന്ത് വലിയ മാറ്റമാണ് സൃഷ്ടിക്കാൻ കഴിയുക എന്നുള്ള കാണികളിൽ നിന്നുള്ള ചോദ്യത്തിന്, ഇത് പ്രശ്നത്തിൽ നിന്ന് നമ്മളെത്തന്നെ വേർപെടുത്തുന്നതിനുള്ള ഒഴിഞ്ഞുമാറ്റമാണെന്ന് ഗുഡ്മാൻ അഭിപ്രായപ്പെട്ടു. ഘടനാപരമായ മാറ്റത്തിന്, വ്യക്തിപരമായ മാറ്റം അനിവാര്യമാണെന്ന് (For structural change we need personal change ) കൂട്ടിച്ചേർത്തു കൊണ്ട് നേഹ സിൻഹ സെഷൻ ഉപസംഹരിച്ചു.
