കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ഒൻപതാം പതിപ്പിൽ അതിഥി രാജ്യമായി ജർമനി പങ്കെടുക്കും. കവികളുടെയും ചിന്തകരുടെയും നാട് എന്നറിയപ്പെടുന്ന ജർമനി, ലോകസാഹിത്യത്തിന് അമൂല്യ സംഭാവനകൾ നൽകിയ ശക്തമായ സാഹിത്യ പാരമ്പര്യമുള്ള രാജ്യമാണ്. യൊഹാൻ വോൾഫ്ഗാങ് വോൺ ഗെയ്ഥേ (Johann Wolfgang von Goethe), ഫ്രഡ്രിക് ഷില്ലർ (Friedrich Schiller), തോമസ് മാൻ (Thomas Mann), ഫ്രാൻസ് കാഫ്ക (Franz Kafka), റൈനർ മരിയ റിൽക്കെ (Rainer Maria Rilke), ഗുന്തര്‍ ഗ്രാസ് (Günter Grass), എന്നിവരുള്‍പ്പെടെ നിരവധി നോബൽ ജേതാക്കളെയും പ്രശസ്ത സാഹിത്യകാരന്മാരെയും ലോകത്തിന് സമ്മാനിച്ച ജർമനിയുടെ സാഹിത്യം ഇന്നും സജീവവും വൈവിധ്യമാർന്നതുമാണ്.
ഇന്ത്യയിൽ ഏറ്റവുമധികം ജനശ്രദ്ധയാകർഷിച്ച സാംസ്കാരിക പരിപാടികളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരെയും ചിന്തകരെയും ഒരേ വേദിയിൽ എത്തിക്കുന്നു. ഒൻപതാം പതിപ്പിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജർമനിയുടെ സാന്നിധ്യം, ഇൻഡോ-ജർമൻ സാഹിത്യബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനൊപ്പം ആശയവിനിമയത്തിനും സാംസ്കാരിക സംവാദങ്ങൾക്കും പുതിയ ദിശകൾ നൽകും.
എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ആശയചർച്ചകൾ, സാഹിത്യാന്വേഷണങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണങ്ങളായിരിക്കും. ഇന്ത്യയുടെ ആദ്യ യുനെസ്കോ സാഹിത്യനഗരമായ കോഴിക്കോടിന്റെ കടൽത്തീരത്ത് നടക്കുന്ന ഫെസ്റ്റിവലിൽ ഏകദേശം ആറുലക്ഷം സന്ദർശകരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സാഹിത്യത്തിനും കലയ്ക്കും തുറന്ന വേദിയായി മാറിയ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ഉത്സവങ്ങളിലൊന്നായി വീണ്ടും ശ്രദ്ധ നേടുകയാണ്.
