കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന്റെ അതിഥി രാജ്യമായ ജര്‍മ്മനി ഒരുക്കുന്ന 'ജര്‍മ്മന്‍ പവലിയന്‍' ജനുവരി 23 മുതല്‍ 25 വരെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സജീവമാകും. ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കെഎല്‍എഫ്-ന്റെ ഒന്‍പതാം പതിപ്പ്, 2026 ജനുവരി 22, 23, 24, 25 തീയതികളില്‍ കോഴിക്കോട് ബീച്ചിലാണ് നടക്കുന്നത്. കെഎല്‍എഫിലെ ജര്‍മ്മന്‍ പവലിയന്‍ വേദിയാകുന്നത്, സാഹിത്യത്തിന്റെയും കലകളുടെയും അതിര്‍ത്തികള്‍ കടന്നുള്ള സംവാദങ്ങള്‍ക്കാണ്.
തുറമുഖ നഗരമായ കോഴിക്കോടിന്റെ ചരിത്രവും പുരാതനകാലം മുതല്‍ക്കുള്ള സഞ്ചാര പൈതൃകവും ജര്‍മ്മനിയുമായുള്ള മലബാര്‍ തീരങ്ങളുടെ സാംസ്‌കാരിക വിനിമയവും പ്രചോദനമാക്കി, പരിസ്ഥിതി സൗഹൃദവും പ്രാദേശിക അസംസ്‌കൃതവസ്തുക്കളും ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ജര്‍മ്മന്‍ പവലിയന്‍ മികച്ചൊരു കലാസൃഷ്ടി കൂടിയാണ്. ലിവിംഗ് റൂം, ആംഫി തിയേറ്റര്‍, ബര്‍ലിന്‍ കിച്ചന്‍, പ്രിന്റിംഗ് സ്റ്റുഡിയോ, ലിസണിംഗ് റൂം എന്നിങ്ങനെയാണ് പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്.
ജര്‍മ്മനിയുടെ ഇന്ത്യയിലെ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്റെ നേതൃത്വത്തില്‍, ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളര്‍ ഭവന്‍ ബെംഗളൂരു എന്നിവരുമായി സഹകരിച്ചാണ് പവലിയന്‍ സാക്ഷാത്കരിച്ചത്. പവലിയന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് ദി പര്‍പ്പിള്‍ ഇങ്ക് സ്റ്റുഡിയോ ആണ്. കൂടാതെ ഫെസ്റ്റിവലിന്റെ നാല് ദിവസങ്ങളിലും വേദിയിലെ വര്‍ണ്ണാഭമായ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നത് പ്രശസ്ത ലൈറ്റ് ആര്‍ട്ടിസ്റ്റ് ഫിലിപ്പ് ഗൈസ്റ്റാണ്.
