കെഎല്‍എഫിന് മാറ്റുകൂട്ടാൻ വെള്ളിത്തിരയിലെ പ്രിയ താരങ്ങള്‍

KLF

കെഎല്‍എഫിന് മാറ്റുകൂട്ടാൻ വെള്ളിത്തിരയിലെ പ്രിയ താരങ്ങള്‍


സാഹിത്യത്തിനൊപ്പം സിനിമയും കലയും ആശയങ്ങളും ഒരേ വേദിയിൽ സംഗമിക്കുന്ന അപൂർവ അനുഭവത്തിന് സാക്ഷിയാകാന്‍ കോഴിക്കോട് വീണ്ടും ഒരുങ്ങുകയാണ്. ജനുവരി 22 മുതല്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (കെ എല്‍ എഫ്) മാറ്റുകൂട്ടാൻ വെള്ളിത്തിരയിലെ പ്രിയ താരങ്ങള്‍ കോഴിക്കോട് എത്തും. മലയാളത്തിന്റെ പ്രിയ അഭിനേത്രിമാരായ ഭാവന, റിമ കല്ലിങ്കൽ, ദേശീയ പുരസ്കാര ജേതാക്കളായ സുരഭി ലക്ഷ്മി, നിത്യ മേനോൻ സംവിധായകരായ ഗൗതം മേനോൻ, പാ. രഞ്ജിത്, പരസ്യ–ചലച്ചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ്മ, നടനും അവതാരകനുമായ രമേഷ് പിഷാരടി എന്നിവർ കെ എല്‍ എഫ് വേദിയിൽ അതിഥികളായി എത്തും. വിവിധ മേഖലകളിലെ പ്രതിഭകൾ ഒന്നിക്കുന്ന സാഹിത്യോത്സവത്തിൽ, ചലച്ചിത്രമേഖലയിലെ പ്രഗത്ഭരുടെ സാന്നിധ്യം ഫെസ്റ്റിവലിന് കൂടുതൽ തിളക്കമേകും.

സിനിമയും സാഹിത്യവും ആശയങ്ങളും സംവദിക്കുന്ന കെഎല്‍എഫില്‍, പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയ താരങ്ങളെ കാണാനും കേൾക്കാനും അവരുമായി സംവദിക്കാനുമുള്ള അവസരമുണ്ടാകും. വിവിധ ഭാഷകളിലെയും മേഖലകളിലെയും പ്രതിഭകൾ ഒന്നിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെഎല്‍എഫ് ഓരോ വർഷവും പുതുമയുള്ള ആശയങ്ങളും സംവാദങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്.

കെ.എൽ.എഫ് ഒൻപതാം പതിപ്പാണ് 2026 ജനുവരി 22, 23, 24, 25 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.keralaliteraturefestival.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി ബുക്സിന്‍റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന കെഎല്‍എഫില്‍ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചയാകും. നൊബേല്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും മേളയുടെ ഭാഗമാകും. കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലും കെഎല്‍എഫിന്റെ ഭാഗമായി നടക്കും.


Related Articles