പ്രശസ്ത ജർമ്മൻ ഫാന്റസി എഴുത്തുകാരി കോർണേലിയ ഫുൻകെ (Cornelia Funke), എഴുത്തുകാരനും ചിന്തകനുമായ ഗൗതം ഭാട്ടിയയുമായി നടത്തിയ സംവാദത്തിൽ ഫാന്റസി സാഹിത്യത്തിന്റെ ദർശനം, പുരാണനിർമ്മാണം, ഭാഷ–സംസ്കാര ബന്ധം, മനുഷ്യകേന്ദ്രിത കാഴ്ചപ്പാടിനപ്പുറമുള്ള എഴുത്ത് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. കേരളാ സഹിത്യോത്സത്തിന്റെ മൂന്നാം ദിനത്തിൽ ഗൗതം ഭാട്ടിയയുമായി നടന്ന സംവാദത്തിലാണ് ഫുൻകെ അഭിപ്രായം വ്യക്തമാക്കിയത്.
ഫാന്റസി സാഹിത്യത്തിൽ ദീർഘമായ ഒരു പാരമ്പര്യമുണ്ടെന്നും, മനുഷ്യരല്ലാത്ത ജീവികളുടെയും പ്രകൃതിയുടെയും കാഴ്ചപ്പാടിലൂടെ ലോകത്തെ കാണാൻ ശ്രമിക്കുന്നതാണ് ഈ എഴുത്തുകളുടെ പ്രത്യേകതയെന്നും ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടി. ഫാന്റസി എഴുത്തുകാർ പുതിയ ലോകങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും മറിച്ച് മനുഷ്യരുടെ വികാരങ്ങൾ, ഭയം, പ്രതീക്ഷ, സംഘർഷങ്ങൾ എന്നിവയെ വ്യത്യസ്ത രൂപങ്ങളിൽ പ്രതിഫലിപ്പിക്കുകയാണെന്നും പ്രതികരണമായി കോർണേലിയ ഫുൻകെ പറയുകയുണ്ടായി. തന്റെ എഴുത്തിന്റെ വ്യാഖ്യാനങ്ങളെ വായനക്കാരുടെ സ്വാതന്ത്ര്യത്തിനു വിട്ടുനല്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പുരാണനിർമ്മാണവും വായ്മൊഴി പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ജർമ്മൻ സാംസ്കാരിക ചിന്തകൾ പ്രകൃതിയുമായി പുനഃബന്ധപ്പെടാനുള്ള ശ്രമങ്ങളിലൂടെയാണ് രൂപപ്പെട്ടതെന്നും, കാലത്തോടും ലോകത്തോടും വീണ്ടും ബന്ധപ്പെടാൻ ശ്രമിക്കുന്ന ഒരു സംസ്കാരമാണ് അതെന്നും, സ്വന്തം സംസ്കാരത്തിൽ നിന്ന് ‘അൺലേൺ’ ചെയ്ത് ലോകത്തെ വീണ്ടും ചോദ്യം ചെയ്യുകയാണ് തന്റെ എഴുത്തിന്റെ രീതിയെന്നും അവർ വ്യക്തമാക്കി. വ്യത്യസ്ത ഭാഷകളിലും സംസ്കാരങ്ങളിലും എഴുതുന്ന അപൂർവ എഴുത്തുകാരിയെന്ന നിലയിൽ, ഭാഷകൾ അറിയുന്നത് ലോകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുമെന്നും, ഓരോ ഭാഷയും വ്യത്യസ്ത ചിന്താഗതികൾ തുറന്നുകൊടുക്കുന്നുവെന്നും ഫുൻകെ അഭിപ്രായപ്പെട്ടു.
