'മാറുന്ന ഇന്ത്യയെ ഒരു മ്യൂസിയം പോലെ സംരക്ഷിക്കാനാണ് നോവലുകളിലൂടെ ശ്രമിക്കുന്നത്'; കിരൺ ദേശായി

KLF

'മാറുന്ന ഇന്ത്യയെ ഒരു മ്യൂസിയം പോലെ സംരക്ഷിക്കാനാണ് നോവലുകളിലൂടെ ശ്രമിക്കുന്നത്'; കിരൺ ദേശായി


നൊബേൽ ജേതാവും ബുക്കർ പ്രൈസ് ജേതാവും വേദിയിൽ ഒരുമിച്ചെത്തിയത് സാഹിത്യപ്രേമികളെ ആവേശത്തിലാക്കി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ മൂന്നാം ദിവസമാണ് ഈ അത്യപൂർവ നിമിഷത്തിന് യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിൻ്റെ കടൽത്തീരം സാക്ഷ്യം വഹിച്ചത്. Exiles and Echoes എന്ന സെഷനിലാണ് നോബേൽ ജേതാവ് അബ്ദുൾ റസാഖ് ഗുർണയും ബുക്കർ പ്രൈസ് ജേതാവ് കിരൺ ദേശായിയും ഒരേ വേദിയിൽ എത്തിയത്. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ അനിന്ദിത ഘോഷ് സെഷനിൽ മോഡറേറ്ററായി.

പ്രവാസം, സ്വത്വം, കുടിയേറ്റം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഇരുവരും തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു. സ്വത്വത്തെക്കുറിച്ച് സംസാരിക്കവേ, താൻ സാൻസിബാറി (Zanzibari) വംശജനാണെന്നും 18-ാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ആളാണെന്നും അബ്ദുൾറസാഖ് ഗുർണ വ്യക്തമാക്കി. എന്നാൽ, ഇത്രയും കാലം അവിടെ ജീവിച്ചിട്ടും ഇപ്പോഴും ഒരു 'വിദേശി'യായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് കൊളോണിയൽ എഴുത്തുകാരൻ എന്ന ലേബൽ താൻ പൂർണ്ണമായും അംഗീകരിക്കുന്നില്ല. കേവലം പാഠ്യപദ്ധതികളിൽ ഉപയോഗിക്കാൻ സൗകര്യമുള്ള ഒരു വാക്ക് മാത്രമാണ് ഇതെന്നും ഒരു നോവലിന്റെ ഉള്ളടക്കത്തെ അത് പൂർണ്ണമായി വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതകാലസ്മരണ (Nostalgia) ഗൃഹാതുരത്വം (Homesickness) എന്നീ വാക്കുകൾക്ക് ഗുർണ പുതിയ അർത്ഥം നൽകി. ഗൃഹാതുരത്വം വെറുമൊരു വികാരമല്ലെന്നും മറിച്ച് സ്വന്തം നാടിനോടുള്ള അടങ്ങാത്ത ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അഭയാർത്ഥി എന്ന വാക്കിന്റെ അർത്ഥം വളരെ ലളിതമായി മാറിയിരിക്കുന്നെന്നും അദ്ദേഹം വിമർശിച്ചു. ജീവൻ അപകടത്തിലായതു കൊണ്ട് സ്വന്തം നാട് വിട്ടുപോകേണ്ടി വരുന്നവരാണ് യഥാർത്ഥ അഭയാർത്ഥികളെന്നും അദ്ദേഹം പറഞ്ഞു.


Related Articles