ആരവങ്ങള്‍ക്ക് വിരാമം; കെഎൽഎഫ് ഒമ്പതാം പതിപ്പിന് സമാപനം

KLF

ആരവങ്ങള്‍ക്ക് വിരാമം; കെഎൽഎഫ് ഒമ്പതാം പതിപ്പിന് സമാപനം


ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെഎൽഎഫിന്റെ ഒമ്പതാം പതിപ്പിന് കോഴിക്കോട് വിരാമം. നാല് ​ദിവസം നീണ്ടുനിന്ന സാഹിത്യോത്സവം ജനപ്രാതിനിധ്യം കൊണ്ടും മികച്ച സംവാദങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ സാന്നിധ്യം സാഹിത്യോത്സവത്തിന് കൂടുതൽ മിഴിവേകി. നൊബേൽ, ബുക്കർ പുരസ്കാര ജേതാക്കൾ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ മേളയുടെ ഭാഗമായി. അഞ്ച് ലക്ഷത്തിലധികം സാഹിത്യപ്രേമികൾ കെഎൽഎഫ് 2026ൽ പങ്കെടുത്തു. നാലു ദിവസം എട്ട് വേദികളിലായി 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷന്‍സാണ് ഉണ്ടായിരുന്നത്.

സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ കെഎൽഎഫിനെ ഹൃദയത്തിൽ ഏറ്റെടുത്തതിനുള്ള തെളിവാണെന്ന് കെഎൽഎഫിൻ്റെ ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കെഎൽഎഫ് ജനറൽ കൺവീനർ എ കെ അബ്ദുൾഹക്കിം സ്വാ​ഗതപ്രസം​ഗം നടത്തി. കെഎൽഎഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി സാഹിത്യോത്സവ അവലോകനം നടത്തി. ഫെസ്റ്റിവൽ‍ ഡയറക്ടർ സച്ചിദാനന്ദൻ കെഎൽഎഫ് 2027 പ്രഖ്യാപനം നടത്തി. 2027 ജനുവരി 21 മുതല്‍ 24 വരെയാണ് കെഎല്‍എഫ് പത്താം പതിപ്പ്. എം എ ബേബി, മിഷേൽ ഹെയ്ൻസ്റ്റ്, ബെന്യാമിൻ, ടി ഡി രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹസീന ഇവി, ബഷീർ പെരുമണ്ണ, പ്രേംചന്ദ്, അക്ഷയ്കുമാർ, ബിലാൽ ശിബിലി, ഫാരിസ് കണ്ടോത്ത്, കെ വി ശശി എന്നിവർ പങ്കെടുത്തു.


Related Articles