ചരിത്രം നിശബ്ദമാക്കിയ വികാരങ്ങൾ മലയാള നോവലിൽ; ഒരു സംവാദം

KLF

ചരിത്രം നിശബ്ദമാക്കിയ വികാരങ്ങൾ മലയാള നോവലിൽ; ഒരു സംവാദം


മലയാള നോവലുകളിൽ എഴുതപ്പെടാതെ പോയ, ചരിത്രം നിശബ്ദമാക്കിയ വികാരങ്ങളെ കുറിച്ച് കെഎല്‍എഫ് 2026 ചര്‍ച്ച ചെയ്തു. ബെന്യാമിൻ, മനോജ് കുറൂർ, സി. കെ. ചന്ദ്രിക എന്നിവർ സെഷനില്‍ പങ്കെടുത്തു. ചരിത്രത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം രേഖപ്പെടുത്തപ്പെട്ട ബുധിനിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് സാറ ജോസഫിൻ്റെ നോവലിലൂടെയാണ് എന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. നോവലിൻ്റെ പ്രധാന ദൗത്യം ചരിത്രത്തിലെ നിശബ്ദതയെ പൂരിപ്പിക്കുക എന്നതാണ്. എല്ലാ കാലഘട്ടത്തിലെ നോവലുകളും ആ ദൗത്യം കൃത്യമായി തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. അത്തരത്തിൽ നിശബ്ദമാക്കപ്പെട്ട ലൈംഗികതയെയാണ് ആടുജീവിതത്തിലും പരോക്ഷമായി സൂചിപ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരും അധികം എഴുതാത്തതിനെ കുറിച്ച് എഴുതാൻ ആഗ്രഹമുണ്ടായിരുന്നു, അങ്ങനയാണ് സ്ത്രീപുരുഷബന്ധങ്ങളുടെ ചരിത്രത്തെ സൂചിപ്പിക്കുന്ന 'കാന്തൽ' എന്ന നോവലിലേക്ക് എത്തിച്ചേർന്നത് എന്ന് സി. കെ. ചന്ദ്രിക പറഞ്ഞു. സി. കെ. ജാനു, കെ. അജിത, മാധവിക്കുട്ടി എന്നിവരെ മനസ്സിൽ കണ്ടാണ് നോവലിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. ഓരോ കഥാപാത്രങ്ങളും നിശബ്ദതയെ തുറന്നുകാട്ടുന്നവരാണ് എന്നും സി. കെ. ചന്ദ്രിക അഭിപ്രായപ്പെട്ടു.

ചരിത്രത്തെ മറ്റൊരു തലത്തിൽ കണ്ട് തൻ്റെ നോവലുകളിൽ സമൂഹത്തിലെ അനീതിയെയും സങ്കടങ്ങളെയുമാണ് എഴുതാൻ ശ്രമിച്ചിട്ടുള്ളതെന്ന് മനോജ് കുറൂർ പറഞ്ഞു. കുപ്പിയിൽ അടച്ച ഭൂതത്തെ പോലെയാണ് ചരിത്രമെന്നും അതിനെ തുറന്ന് വിടുന്നത് സൂക്ഷിച്ചു വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Related Articles