രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നായി UPSC മാറുന്ന സാഹചര്യത്തിൽ ഈ കടമ്പ കടക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുമായി സംവദിച്ച് സജ്ജൻ യാദവ് IAS ഉം ജീവ മരിയ ജോയ് IFS ഉം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ആൻസർ ദി കോൾ: യുപിഎസ് സി പ്രിപറേഷൻ സ്റ്റാർട്സ് ഹിയർ (Answer the call: UPSC prep starts here) എന്ന വിഷയത്തിൽ നടന്ന സെഷനിലാണ് വിഷയം ചർച്ചയായത്.
UPSC പരീക്ഷയെക്കുറിച്ചുള്ള പല ഘട്ടങ്ങളെക്കുറിച്ച് ചുരുക്കത്തിൽ വിവരിച്ചു കൊണ്ടാണ് ചർച്ച ആരംഭിച്ചത്. UPSC യുടേത് വളരെ വിശാലമായ സിലബസ് ആയിട്ടു പോലും കേവലം മുപ്പത് സർവീസുകളിലേക്കുള്ള ഈ പരീക്ഷ എഴുതാൻ എത്തുന്നത് പന്ത്രണ്ട് ലക്ഷത്തോളം ഉദ്യോഗാർഥികൾ ആണെന്നും അതിൽ തന്നെ ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് ആളുകൾക്ക് മാത്രമാണ് ആദ്യഘട്ടം പൂർത്തിയാക്കാൻ സാധിക്കുന്നത് എന്നും സജ്ജൻ യാദവ് IAS അഭിപ്രായപ്പെട്ടു.
തുടർന്ന് രണ്ടാം ഘട്ടം പൂർത്തിയാക്കുന്നവർ അവസാന ഘട്ടമായ ഇന്റർവ്യൂ അഭിമുഖീകരിക്കുന്നതോടെ അവരുടെ ലക്ഷ്യത്തിലെത്തുന്നു. ഇതിനായി വളരെ നേരത്തെ പരിശീലനം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്; ആദ്യം നമ്മുടെ ആഗ്രഹം അതാണോയെന്ന് സ്വയം തിരിച്ചറിയുക, തുടർന്ന് ബിരുദ പഠനം അവസാനിക്കാറാവുമ്പോൾ തുടങ്ങിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കാരണം പഠനത്തിന്റെ പിരിമുറുക്കം ഇല്ലാത്ത മറ്റൊന്നിനെക്കുറിച്ചും കൂടുതൽ ആകുലപ്പെടാനില്ലാത്ത സമയമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
