കുടിയൊഴിക്കലും പലായനവും ആധുനിക ലോകത്ത് കൂടുതൽ സങ്കീർണ്ണമായ സാമൂഹിക പ്രതിഭാസങ്ങളായി മാറുന്ന സാഹചര്യത്തിൽ, “കുടിയൊഴിക്കൽ: പലായനങ്ങളുടെ ആഖ്യാനങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദം ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരൻ പി. എഫ്. മാത്യൂസ്, ചിന്തകനും അധ്യാപകനുമായ ഇ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്ത സംവാദത്തിന് രാഹുൽ രാധാകൃഷ്ണൻ മോഡറേറ്ററായി.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ പലായനം അത്ര പരിചിതമായ അനുഭവമല്ലെങ്കിലും, കുടിയേറ്റം കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു ചരിത്ര യാഥാർഥ്യമാണെന്ന് ഇ. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.ഇന്നത്തെ കാലഘട്ടത്തിൽ ലോകമെമ്പാടും 3000-ത്തിലധികം ആളുകൾ ദിവസേന ജീവൻ രക്ഷിക്കാനായി സ്വന്തം നാടുകൾ ഉപേക്ഷിച്ച് പലയനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പലായനത്തിന്റെ ചരിത്രപരമായ വശങ്ങൾ വിശദീകരിക്കുന്നതിനായി അംബേദ്കറുടെ “യഹൂദരുടെ ഇസ്രായേലിലേക്കുള്ള മടക്കം” എന്ന കൃതിയെ ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു.
തുടർന്ന് സംസാരിച്ച പി. എഫ്. മാത്യൂസ് “മഞ്ഞിലൊരുവൾ”, “പാമ്പും കോണിയും” എന്നീ നോവലുകളെ ആധാരമാക്കി പലായനവും കുടിയേറ്റവും സാഹിത്യത്തിൽ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നുവെന്ന് വിശദമായി അവതരിപ്പിച്ചു. പലായനത്തിന്റെ വേദനയും തീക്ഷണതയും പൂർണമായി ഗ്രഹിക്കാൻ കഥകളും നോവലുകളും മാത്രമല്ല, ദൃശ്യരൂപങ്ങളും വരകളും, അതിലുപരി പ്രകടനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
