KLF 2026 ന്റെ അവസാന ദിനത്തിനത്തിൽ സമകാലിക സമൂഹത്തിൽ കലാപ്രദർശനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചർച്ചയായി. Documentary Theatre in India: Assembling Publics, Performing Politics എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തത്തിന്റെ രചയിതാക്കളായ ജർമൻ നാടകപ്രവർത്തകൻ കൈ ടുച്മാനും ഇന്ത്യൻ നാടകപ്രവർത്തക അനുജ ഗോസാൽക്കറുമായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. നിയമപരവും രാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ തീയറ്റർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതായിരുന്നു ചർച്ചയുടെ കേന്ദ്ര വിഷയം.
പുസ്തകത്തിന്റെ രൂപീകരണത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കൈ ടുച്മാൻ സംസാരിക്കാൻ ആരംഭിച്ചത്. ഇത് ഒരു സാധാരണ തീയറ്റർ ജേർണൽ അല്ലെന്നും, മറിച്ച് ഒരു ആർക്കൈവ്, പഠനത്തിനുള്ള ഒരു ഉപകരണവും ചിന്തിപ്പിക്കുന്ന ഒരു പുസ്തകവും എന്ന നിലയിലാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. CAA, NRC പോലുള്ള വിഷയങ്ങൾ ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും, ഇതിനെ ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഉന്നയിച്ചു. മാത്രമല്ല, ഡോക്യുമെന്ററി തീയറ്റർ എന്താണെന്നും, അത് എങ്ങനെ സമൂഹവുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. വായനക്കാർക്ക് നേരിട്ട് തീയറ്റർ പ്രക്രിയകൾ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. തീയറ്റർ ചെയ്യുന്ന കലാകാരന്മാരെയും അവരുടെ പ്രവർത്തനങ്ങളെയും ഈ പുസ്തകം ആഘോഷിക്കുന്നുവെന്നും അവർ പറയുകയുണ്ടായി.
മിത്തുകൾ പൊളിക്കാൻ, ആർക്കൈവുകളെ ഉണർത്താൻ, ബന്ധങ്ങൾ സൃഷ്ടിക്കാൻ, സാമൂഹിക കൂട്ടായ്മകൾ രൂപപ്പെടുത്താൻ എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സമൂഹത്തിൽ തീയറ്റർ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഈ ഭാഗങ്ങളിലൂടെ വിശദമാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. അനുജ ഗോസാൽക്കർ, സമൂഹവുമായി ചേർന്നുനിൽക്കുന്ന ഒരു പ്രവർത്തനമായാണ് തീയറ്ററിനെ കാണുന്നതെന്നും നിയമങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും തീയറ്ററിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ചോദ്യങ്ങൾ ചോദിക്കാനും സംഭാഷണം തുടങ്ങാനും തീയറ്റർ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.
