എഴുത്തും വായനയും പുസ്തകങ്ങളും മാത്രമല്ല കലയും സംഗീതവും നാടകവും സംഗമിക്കുന്ന സാംസ്കാരികോത്സവത്തിന് ഒരുങ്ങുകയാണ് കോഴിക്കോട് കടപ്പുറം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കെഎല്‍എഫിന്റെ ഒന്‍പതാം പതിപ്പിന്, 2026 ജനുവരി 22 വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് തിരിതെളിയും. 25 വരെ നാല് ദിവസം നീളുന്ന സാംസ്കാരികോത്സവത്തില്‍ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പുറമെ വിവിധ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. സംഗീതം, നാടകം, സാഹിത്യ അവതരണങ്ങള്‍, ദൃശ്യകലാ പ്രദര്‍ശനങ്ങള്‍ എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തലേദിവസം ജനുവരി 21 ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കവര മ്യൂസിക് ബാന്‍ഡിന്റെ ലൈവ് ഷോ അരങ്ങേറും. ഫെസ്റ്റിവലിന്റെ ആദ്യദിനമായ ജനുവരി 22-ാം തീയതി വ്യാഴാഴ്ച 'Laya Raga Samarpanam' എന്ന പരിപാടിയില്‍ സുകന്യ രാംഗോപാല്‍, പ്രേമ വിവേക്, ലക്ഷ്മി രാജശേഖര്‍, ഭാഗ്യലക്ഷ്മി കൃഷ്ണ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരം ഉണ്ടായിരിക്കും.
ജനുവരി 23 വെള്ളിയാഴ്ച 'JUST WANNA LIVE SOME PERERA ELSEWHERE' എന്ന പേരിലുള്ള സംഗീത പരിപാടിയും നടത്തപ്പെടും. ലണ്ടനില്‍ ജനിച്ച, ബെര്‍ലിനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസറും മള്‍ട്ടി-ഇന്‍സ്ട്രുമെന്റലിസ്റ്റും, ഗായികയും, ഡിജെയുമായ സാഷാ പെരേരയുടെ സോളോ പ്രോജക്റ്റാണ് പെരേര എല്സ്വേര്.
