ബോളിവുഡ് ലോകം കാണാത്ത കാമാത്തിപുരയിലെ സ്ത്രീകളുടെ പച്ചയായ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സ്വാതി പാണ്ഡെ. യുനെസ്കോ സാഹിത്യനഗരമായ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒമ്പതാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അവർ. മാധ്യമപ്രവർത്തകനായ നരേഷ് ഫെർണാണ്ടസ് മോഡറേറ്റർ ആയ ചർച്ചയിൽ മുംബൈ കാമാത്തിപുരയിലെ ലൈംഗികതൊഴിലാളികളായ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ സ്വാതി 'Invisible in Plain Sight: Voices from the By-Lanes of Kamathipura' എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്.
കാമാത്തിപുരയെ ബോളിവുഡ് സിനിമകൾ ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രങ്ങൾ വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, മോശം ശുചിത്വം, തകർച്ചയിലാണ്ടു പോയ അടിസ്ഥാന സൌകര്യങ്ങൾ, അങ്ങേയറ്റം കഠിനമായ ജീവിതസാഹചര്യങ്ങൾ എന്നിവയെ അവഗണിച്ചു കൊണ്ടാണ് ബോളിവുഡ് പലപ്പോഴും കാമാത്തിപുരയെ പ്രണയാർദ്രമായി ചിത്രീകരിക്കുന്നത്. ഈ യാഥാർത്ഥ്യങ്ങളാണ് സ്വാതി പാണ്ഡെയുടെ പ്രവർത്തനത്തിൻ്റെ പശ്ചാത്തലമെന്നും നരേഷ് വ്യക്തമാക്കി.
കോവിഡ് 19 കാലത്താണ് കാമാത്തിപുരയുമായുള്ള തൻ്റെ ഇടപെടലുകൾ ആരംഭിച്ചതെന്ന് സ്വാതി പാണ്ഡെ വ്യക്തമാക്കി. മുംബൈയിലെ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. ദുരിതം അനുഭവിക്കുന്ന ലൈംഗിക തൊഴിലാളികളായ ഒരു കൂട്ടം സ്ത്രീകളെ പോസ്റ്റ് ഓഫീസിനു മുന്നിൽ കണ്ടുമുട്ടിയതോടെ ആയിരുന്നു അത്. ലോക്ക് ഡൌൺ കാലത്ത് ലൈംഗികത്തൊഴിലാളികളായ ഈ സ്ത്രീകൾ പട്ടിണി മൂലവും ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാതെയും സാമൂഹികമായ അപമാനത്തെ തുടർന്നും ദുരിതത്തിലായി. ലൈംഗിക തൊഴിലാളികളുടെ ഇത്തരം ദുരിതങ്ങൾ നേരിട്ട് അറിഞ്ഞത് ആ സമൂഹവുമായി കൂടുതൽ ആഴത്തിൽ ഇടപെടുന്നതിന് കാരണമായി.
