കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ന്റെ അവസാന ദിവസമായ ഇന്ന് വേദി തൂലികയിൽ മോഡറേറ്റർ മിരിയം ജോസെഫിന്റെ ചോദ്യത്തിന് മറുപടി കൊടുക്കവെ കണ്ണുകൾ നിറഞ്ഞ് ബെൻ ജോൺസൻ. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിൽ ഒരാളായി മാറുന്നതിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം വഹിച്ച പങ്കിനെ കുറിച്ച് ചോദിച്ചു കൊണ്ടാണ് മിരിയം ചർച്ച ആരംഭിച്ചത്.
തന്റെ ജന്മദേശമായ ജമൈക്കയിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയതും സഹോദരന്റെ സ്വാധീനവുമാണ് ട്രാക്കിലേക്ക് തിരിയാൻ കാരണമായതെന്ന് ബെൻ മറുപടി നൽകി. പഠനത്തിൽ വലിയ താല്പര്യമില്ലായിരുന്നു. ഉപജീവനം തേടാനുള്ള തന്റെ ഏകമാർഗ്ഗം ഓട്ടം മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അതിനായി സ്വയം സമർപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ജമൈക്കയിൽ തന്നെ തുടർന്നതിനാൽ കാനഡയിൽ അമ്മയെ സഹായിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് ബെൻ ജോൺസൻ എന്ന കായികതാരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച, ഉത്തേജക മരുന്ന് വിവാദത്തിലേക്കും അത് എങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിച്ചു എന്നുമുള്ള വിഷയത്തിലേക്ക് ചർച്ച തിരിഞ്ഞു.
