ഡി.സി. കിഴക്കെമുറി ഫൗണ്ടേഷൻ സംഘടിപ്പിക്കുകയും ഡി.സി. ബുക്സ് സഹപ്രചാരകരാവുകയും ചെയ്യുന്ന കേരള സാഹിത്യോത്സവത്തിന്റെ (KLF) പത്താം പതിപ്പിന്റെ അതിഥിരാഷ്ട്രമായി ഓസ്ട്രേലിയയെ പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രി വി. ഡി. സതീശന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി. പി. ജോൺ, ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കി, വൈസ് കോൺസൽ കാട്രിന നാപ്പ്, കെ എൽ എഫ് ചീഫ് ഫസിലിറ്റേറ്ററും ഡി സി ബുക്സ് സി. ഇ. ഒ-യുമായ രവി ഡി സി, കെ എൽ എഫ് കോ-ഫസിലിറ്റേറ്റർ ഗോവിന്ദ് ഡി സി, കെ എൽ എഫ് പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.
2027 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ (KLF) പത്താം പതിപ്പിൽ സാഹിത്യം, സംസ്കാരം, അക്കാദമികമേഖല, വിദ്യാഭ്യാസമേഖല എന്നിവ സമന്വയിപ്പിക്കുന്ന പ്രത്യേക ഓസ്ട്രേലിയൻ കാര്യപരിപാടി ഉണ്ടായിരിക്കും. എഴുത്തുകാർ, ചിന്തകർ, അക്കാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ എന്നിവരടങ്ങുന്ന ഒരു പ്രതിനിധിസംഘം ഇതിന്റെ ഭാഗമായിരിക്കും. അതോടൊപ്പം തനിമയാർന്ന സാംസ്കാരിക പ്രകടനങ്ങളും പ്രമുഖ ഓസ്ട്രേലിയൻ സർവ്വകലാശാലകളുടെ പങ്കാളിത്തവുമുണ്ടാകും. ഓസ്ട്രേലിയയുടെയും ഇന്ത്യയുടെയും ബഹുസ്വരമായ ആശയധാരകൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ ഈ പരിപാടി ഒരുക്കും.
