വായനക്കാരെ ആകര്‍ഷിക്കുന്നതും ഒരു കലയാണ്!

KLF

വായനക്കാരെ ആകര്‍ഷിക്കുന്നതും ഒരു കലയാണ്!


വായനക്കാരെ ഒരു വിഷയത്തിലേക്ക് ആകർഷിക്കുക എന്നത് ഒരു കലയാണ്. കേവലം വിവരങ്ങൾ നൽകുന്നതിലുപരി, വായനക്കാരനിൽ വികാരങ്ങൾ ഉണർത്താൻ എഴുത്തുകാരന് സാധിക്കണം. 'ദി ആർട്ട്‌ ഓഫ് മേക്കിങ് റീഡേഴ്‌സ് ഫീൽ' എന്ന വിഷയത്തിൽ കെഎല്‍എഫ് വേദിയില്‍ നടന്ന സംവാദം ഈ വിഷയത്തില്‍ ശ്രദ്ധേയമായി. വേദി 3 കഥയിലാണ് എഴുത്തുകാരനും ടെലിവിഷൻ തിരക്കഥാകൃത്തുമായ ദുർജോയ് ദത്ത ഇക്കാര്യത്തില്‍ വിവരങ്ങള്‍ പങ്കുവച്ചത്. കാർത്തിക് വെങ്കടേശ് ആയിരുന്നു മോഡറേറ്റര്‍.

സമകാലീന സമൂഹത്തെ എ ഐ കീഴടക്കുമ്പോൾ എഴുത്തിനെയും വായനക്കാരനെയും അത് ബാധിക്കാത്തത് എഴുത്ത് വായനക്കാരന്റെ വികാരങ്ങളെ ഉണർത്തുന്ന ഒന്നായതു കൊണ്ടാണെന്ന് ദുർജോയ് ദത്ത അഭിപ്രായപ്പെട്ടു. എ ഐ പോലുള്ള സാങ്കേതിക വിദ്യകൾ തീർത്തും യുക്തിപരമായ പ്രതികരണങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും അവ വികാരങ്ങളെ ആശ്രയിച്ചല്ല എന്നും ദുർജോയ്ദത്ത പറഞ്ഞു. അതുകൊണ്ട് തന്നെ chatgpt എഴുത്തുകൾ അല്പം പോലും ജീവൻ ഇല്ലാത്തവയാണ്. അവിടെ അപ്രതീക്ഷിതമായി ഒന്നും തന്നെ കൊണ്ട് വരാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള നിരന്തര സംഘർഷങ്ങൾ നടക്കാത്ത പക്ഷം അവിടെ അപ്രതീക്ഷിതമായി ഒന്നും കൊണ്ടുവരാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു. ഒരു എഴുത്തുകാരൻ എന്ന നിലക്ക് ആദ്യ കാല കൃതികളിൽ ഉണ്ടായ തെറ്റുകളും അബദ്ധധാരണകളും എല്ലാം തിരുത്തികൊണ്ടിരിക്കുകയാണ് താന്‍. എഴുത്തുകാരൻ എന്ന നിലക്ക് വളരുന്നുണ്ടെങ്കിലും അത് വളരെ പതുക്കെയാണെന്നും, തന്റെ പഴയ പുസ്തകങ്ങൾ തനിക്ക് വീണ്ടും വായിക്കാൻ സാധിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

പുതിയകാല പുസ്തക വിപണന രീതികളും വേദിയിൽ ചർച്ചയായി.അച്ചടിമാധ്യമങ്ങൾ, ബുക്ക്‌ ലോഞ്ച്, നവമാധ്യമങ്ങൾ എന്നിങ്ങനെ മാർക്കറ്റിങ്ങിൽ വന്ന പരിണാമം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇൻസ്റ്റഗ്രാം എന്ന മാധ്യമം എത്രത്തോളം ഇന്ന് വിപണിയെ സ്വാധീനിക്കുന്നു എന്നും കൊറോണക്കു മുൻപ് ഒരു പ്രേക്ഷേപണ മാധ്യമം മാത്രമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഇൻസ്റ്റഗ്രാം ഇന്ന് ഒരു വിനോദ മാധ്യമമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പുസ്തക വിപണിയെ സ്വധീനിക്കുന്നതിനാൽ ഇത് പിന്തുടരാൻ താൻ നിർബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles