'ബഹിരാകാശ വാഹനത്തിന് ഞാൻ ഒരു സ്ത്രീയാണെന്ന് അറിയില്ല, പരിമിതികൾ നമ്മുടെ മനസ്സിൽ മാത്രമാണ്'

KLF

'ബഹിരാകാശ വാഹനത്തിന് ഞാൻ ഒരു സ്ത്രീയാണെന്ന് അറിയില്ല, പരിമിതികൾ നമ്മുടെ മനസ്സിൽ മാത്രമാണ്'


കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) സമാപന ദിനത്തിൽ സദസ്സിനെ ആവേശത്തിലാഴ്ത്തി പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബർഖ ദത്തുമായി Astronaut’s Odyssey എന്ന സെഷനിൽ തന്റെ ബഹിരാകാശ അനുഭവങ്ങളും വ്യക്തിജീവിതവും അവർ പങ്കുവെച്ചു. ബഹിരാകാശത്തെ താമസം എട്ട് ദിവസത്തിൽ നിന്ന് 286 ദിവസമായപ്പോൾ ഒട്ടും ഭയം തോന്നിയില്ല. ഭൂമിയിലുണ്ടായിരുന്ന തന്റെ ടീമിലുള്ള പരിപൂർണ്ണ വിശ്വാസമാണ് അതിന് കാരണമായത്. കൂടാതെ, ബഹിരാകാശത്തെ ആ ദിനങ്ങൾ താൻ വളരെയധികം ആസ്വദിച്ചിരുന്നതായും സുനിത വില്യംസ് വെളിപ്പെടുത്തി.

ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക കൽപന ചൌള തൻ്റെ ഉറ്റസുഹൃത്തും വഴികാട്ടിയുമായിരുന്നെന്ന് ബർക്ക ദത്തിൻ്റ ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു. ബഹിരാകാശ യാത്ര അപകടസാധ്യത ഉള്ളതാണ്. ഓരോ വീഴ്ചയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് അത് കൂടുതൽ സുരക്ഷിതമാക്കുകയാണ് ശാസ്ത്രലോകം ചെയ്യുന്നതെന്നും അവർ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് ഭൂമിയെ ആദ്യമായി കണ്ടപ്പോഴുള്ള ഓർമ്മ സുനിത വില്യംസ് പങ്കുവെച്ചത് സദസിൽ ചിരി പടർത്തി. 'എന്റെ അധ്യാപകർ പറഞ്ഞത് ശരിയായിരുന്നു; ഭൂമി ഉരുണ്ടതാണ്!' എന്നായിരുന്നു മറുപടി. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് നോക്കുമ്പോൾ രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ അപ്രത്യക്ഷമാകും. ഈ ഭൂമി മുഴുവൻ നമ്മുടെ വീടാണ്; സമുദ്രങ്ങളിലൂടെയും വായുവിലൂടെയും നമ്മളെല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നെന്നും സുനിത വില്യംസ് പറഞ്ഞു.

ബഹിരാകാശത്തെ ദൈനംദിന കാര്യങ്ങളെക്കുറിച്ച് സുനിത വില്യംസ് ലളിതമായി വിശദീകരിച്ചു. അവിടെ ശൂന്യതയിൽ (Vacuum System) പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനമാണ് ശൗചാലയത്തിനായി ഉപയോഗിക്കുന്നത്. ഉറങ്ങാനായി സ്ലീപ്പിംഗ് ബാഗുകളാണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഒരു ക്ലോസ്ഡ് സിസ്റ്റമാണെന്നും, അവിടെ വിയർപ്പും മൂത്രവും പോലും ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നുണ്ടെന്നും അവർ സദസ്സിനെ ഓർമ്മിപ്പിച്ചു.


Related Articles