കെഎല്‍എഫ് 2026; സുനിത വില്യംസ് കേരളത്തില്‍ എത്തും

KLF

കെഎല്‍എഫ് 2026; സുനിത വില്യംസ് കേരളത്തില്‍ എത്തും


ലോക പ്രശസ്ത ബഹിരാകാശ യാത്രിക സുനിത വില്യംസ് ജനുവരിയില്‍ കേരളത്തില്‍ എത്തും. 2026 ജനുവരി 22 മുതൽ 25 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കാനാണ് സുനിത വില്യംസ് കേരളത്തില്‍ എത്തുന്നത്. 9 മാസത്തെ ബഹിരാകാശ വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം സുനിത വില്യംസ് ഇന്ത്യയില്‍ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടിയാണ് ഇത്. ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ് അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്.

ഇന്ത്യക്കാരനായ പിതാവിനും സ്ലൊവേന്യൻ വംശജയായ മാതാവിനും ജനിച്ച സുനിത ഇരുസംസ്കാരങ്ങളുടെയും വൈവിധ്യം അനുഭവിച്ചാണ് വളർന്നത്. നീന്തലിനെ സ്നേഹിച്ച സുനിത വില്യംസിനെ യു.എസ്. നേവൽ അക്കാദമിയിൽ എത്തിക്കുന്നത് സഹോദരൻ ജെയിനാണ്. അമേരിക്കൻ തീരങ്ങളിൽനിന്ന് മെഡിറ്ററേനിയനിലേക്കും ചെങ്കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കുമെല്ലാം സുനിത പലതവണ വിന്യസിക്കപ്പെട്ടു. എൻജിനീയർ, ഡ്രൈവർ, ഹെലികോപ്റ്റർ പൈലറ്റ്, ടെസ്റ്റ് പൈലറ്റ് തുടങ്ങി നിരവധിയായ വിശേഷണങ്ങൾക്കുശേഷം സ്വപ്നത്തിൽപോലും ഇല്ലാതിരുന്ന ബഹിരാകാശയാത്രികയെന്ന സാധ്യതയിലേക്ക് സുനിതയുടെ കരിയർ വഴിമാറിയത് 31-ാം വയസിലാണ്.

2006-ൽ ആയിരുന്നു ഇന്റർനാഷണൽ സ്പേസ് സെന്ററിലേക്കുള്ള (ഐ.എസ്.എസ്.) ആദ്യയാത്ര. അടുത്ത യാത്ര 2012-ൽ. മൂന്നാമത്തെ യാത്രയാണ് അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ചരിത്രത്തിന്റെ ഭാഗമായത്. നാസയിൽ നിന്ന് കരാർ നേടിയ ബോയിങ് കമ്പനിയുടെ സ്റ്റാർലൈനറിലായിരുന്നു സുനിതയുടെ യാത്ര. പരീക്ഷണകാലത്തെ സ്റ്റാർലൈനറിൽ പ്രകടമായിരുന്ന പ്രശ്നങ്ങൾ യാത്രയിൽ കടുത്തു. ഒടുവിൽ സുനിതയ്ക്കും സഹയാത്രികൻ ബുച്ച് വിൽമോറിനും ഐ.എസ്.എസിൽനിന്ന് മടങ്ങാൻ കഴിഞ്ഞില്ല. നാസ ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും ഇരുവരും "കുടുങ്ങി' എന്ന് ലോകം തിരിച്ചറിഞ്ഞു. ആശങ്കപടർന്ന മാസങ്ങളായിരുന്നു പിന്നീട്. ഒടുവിൽ സ്പേസ് എക്സിന്റെ ബഹിരാകാശവാഹനത്തിൽ തിരിച്ചെത്തുന്നതുവരെ അന്താരാഷ്ട്രമാധ്യമങ്ങളുടെ മുഖ്യവാർത്തയായിരുന്നു സുനിത. വെല്ലുവിളികൾ അതിജീവിച്ച് തിരിച്ചു വന്ന സുനിത ബഹിരാകാശയാത്രയുടെ പോസ്റ്റർ ഗേൾ ആയി മാറി. ഇതിനു ശേഷം ആദ്യമായാണ് സുനിത വില്യംസ് ഇന്ത്യയില്‍ എത്തുന്നത്.


Related Articles