നിർമ്മിത ബുദ്ധിയും കഥാഖ്യാനങ്ങളുടെ ഭാവിയും

KLF

നിർമ്മിത ബുദ്ധിയും കഥാഖ്യാനങ്ങളുടെ ഭാവിയും


നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കഥ പറച്ചിലിന്റെ ഭാവിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത സംവാദം ശ്രദ്ധേയമാകുന്നു. സാഹിത്യം, സിനിമ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ AI വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചായിരുന്നു 'നിർമ്മിത കല: എവല്യൂഷൻ ഓഫ് സ്റ്റോറി ടെല്ലിംഗ്' എന്ന പേരിൽ നടന്ന ഈ സെഷൻ ചർച്ച ചെയ്തത്. അക്ഷരങ്ങളിൽ നിന്ന് ദൃശ്യങ്ങളിലേക്ക്, വിശദാംശങ്ങളുടെ പ്രാധാന്യം, നിർമ്മിത ബുദ്ധിയുടെ പുനരാവിഷ്കാരം, സിനിമ നിർമാണത്തിലെ വിപ്ലവകരമായ വികാസം, ഡിജിറ്റൽ സാക്ഷരത, റോബോട്ടിക്സും എഐയും എന്നീ വിഷയങ്ങൾ ചർച്ചയായി.

തന്റെ പ്രശസ്ത നോവലായ "മഞ്ഞവെയിൽ മരണങ്ങളെ" മുൻനിർത്തിയാണ് ബെന്യാമിൻ സംസാരിച്ചത്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ മൂലധനം അയാളുടെ ഓർമ്മകളും കാഴ്ചകളുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശദാംശങ്ങളുടെ പ്രാധാന്യത്തെക്കുറിച് ചർച്ചചെയ്യപ്പെട്ടപ്പോൾ, ഗബ്രിയേൽ ഗാർസിയ മാർക്വിസിനെ ഉദ്ധരിച്ചുകൊണ്ട്, "വീടിന് മുകളിലൂടെ ആനകൾ പറന്നു" എന്ന് പറയുന്നതിനേക്കാൾ "24 ആനകൾ പറന്നു" എന്ന് പറയുമ്പോഴാണ് വായനക്കാരന് വിശ്വാസ്യത തോന്നുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവരങ്ങളിലെ കൃത്യതക്കുള്ള പ്രധാന്യം ആളുകളെ മനസിലാക്കുംവിധമായിരുന്നു ബെന്യാമിൻ സംസാരിച്ചത്. നോവലിലെ ഒരു രംഗം AI സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യവൽക്കരിച്ചതും ചർച്ചയിൽ പ്രദർശിപ്പിച്ചു. എഴുത്തുകാരന്റെ സങ്കൽപ്പവും AI-യുടെ ഭാവനയും തമ്മിലുള്ള വ്യത്യാസങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, പുതിയ കാലത്തെ നോവലുകൾ എഴുതുമ്പോൾ സിസിടിവി ഫുട്ടേജുകളും സോഷ്യൽ മീഡിയയും പോലുള്ള ആധുനിക ഘടകങ്ങൾ ഉൾപ്പെടുത്താൻ എഴുത്തുകാർ അപ്‌ഡേറ്റ് ആകണമെന്ന് അദ്ദേഹം പറഞ്ഞു.

പരസ്യചിത്ര സംവിധായകനായ ഗോകുൽ എസ്., നിർമ്മിത ബുദ്ധി എങ്ങനെ സിനിമാ നിർമ്മാണത്തെ ലളിതമാക്കുന്നു എന്ന് വിശദീകരിച്ചു. ചെലവ് കുറഞ്ഞ രീതിയിൽ സിനിമ നിർമാണം എങ്ങനെ നിർവഹിക്കാം എന്നും അദ്ദേഹം വിശദമാക്കി. സാധാരണ വിഎഫ്എക്സ് (VFX) ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ മൂന്നിലൊന്ന് ചെലവിൽ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ AI വഴി നിർമ്മിക്കുവാനും സാധിക്കും. പൂർണ്ണമായും AI ഉപയോഗിച്ച് നിർമ്മിച്ച 'ദി നോ ബുക്ക്' എന്ന മോക്യുമെന്ററിയും, ബഹിരാകാശയാത്രികർ ഓണസദ്യ കഴിക്കുന്ന പരസ്യവും അദ്ദേഹം ഉദാഹരണമായി കാട്ടി. മോഷൻ ക്യാപ്ചർ: യഥാർത്ഥ മനുഷ്യരുടെ ചലനങ്ങൾ (Motion Capture) ഉപയോഗിച്ച് AI ദൃശ്യങ്ങളെ കൂടുതൽ റിയലിസ്റ്റിക് ആക്കുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു.


Related Articles