മലയാളസിനിമയും കഥപറച്ചിലും ചർച്ചയാക്കി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ മൂന്നാം ദിവസം. 'Dining with Stars' എന്ന സെഷനിൽ പ്രശസ്ത സിനിമാ നിരൂപക അനുപമ ചോപ്ര മലയാള സിനിമയെ കഥ പറയലിൻ്റെ ഹോളി ഗ്രയിൽ എന്ന് വിശേഷിപ്പിച്ചു. മാധ്യമപ്രവർത്തക അഞ്ജന ശങ്കർ മോഡറേറ്ററായ സെഷനിൽ മലയാള സിനിമ കാലക്രമേണ എത്രത്തോളം വളർന്നുവെന്ന് പറയാനും അനുപമ മറന്നില്ല. ഫഹദ് ഫാസിലിനെയും ഹൃതിക് റോഷനെയും അഭിമുഖം ചെയ്ത അനുഭവങ്ങൾ പങ്കുവെച്ച അനുപമ ഒരു ദശകത്തോളം താൻ നടത്തിയ അഭിമുഖങ്ങൾ ചേർത്ത് ഒരു പുസ്തകമാക്കിയതിനെക്കുറിച്ചും സംസാരിച്ചു.
ആവശ്യത്തിലധികം പണം ചെലവഴിക്കുന്നത് എങ്ങനെയാണ് ബോളിവുഡ് ഇൻഡസ്ട്രിക്ക് ദോഷം ചെയ്യുന്നതെന്നും അനുപമ പങ്കുവെച്ചു. നെപോട്ടിസം സിനിമ മേഖലയിൽ പ്രതിഫലിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന്, ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ നൽകിയ മറുപടി ഉദ്ധരിച്ച്, കഴിവുണ്ടെങ്കിൽ അതൊരു പ്രശ്നമല്ലെന്ന് ആയിരുന്നു അനുപമയുടെ മറുപടി.
സിനിമയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും എങ്ങനെയാണ് വർഷങ്ങൾ തോറും അതിൽ മാറ്റങ്ങൾ വന്നിട്ടുള്ളതെന്നും അനുപമ പറഞ്ഞു. ചെറിയ ചെലവിൽ ലോക പോലുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വിജയിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നെന്ന് പറഞ്ഞ അവർ ഇത്തരത്തിലുള്ള സിനിമകൾ നിർമിക്കുന്നതിന് മോളിവുഡിനെ പ്രശംസിക്കുകയും ചെയ്തു.
