കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വേദിയിൽ നടന്ന “Goddess in Revolt – The Divine Feminine” എന്ന പ്രമേയത്തെ ആസ്പദമാക്കിയ ചർച്ചയിൽ പ്രശസ്ത എഴുത്തുകാരിയായ അനുജ ചന്ദ്രമൗലി മുഖ്യപ്രഭാഷകയായി. ഡോ. ലതാ നായര് മോഡറേറ്ററായി.
മിത്തോളജി നമ്മെ പഠിപ്പിക്കുന്നത് കാര്യം മനസ്സിലാക്കാൻ ശ്രമിക്കണമെന്നതാണ് എന്ന് അനുജ ചന്ദ്രമൗലി പറഞ്ഞു. ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്താൽ, അതിന്റെ പിന്നിലെ കാരണം എന്താണ്, ആ വ്യക്തി അങ്ങനെ ആകാൻ എന്താണ് കാരണമായത് എന്നീ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ, ഇതിനെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കൽ ആയി കാണരുത്. ഒരു വ്യക്തി ചെയ്ത തെറ്റിനെ അംഗീകരിക്കണമെന്നല്ല, മറിച്ച് “ഒരു രാക്ഷസനെ മറ്റൊരു രാക്ഷസൻ സൃഷ്ടിക്കുന്നു” എന്ന ആശയം മനസ്സിലാക്കണമെന്നാണ് അവര് പറഞ്ഞത്.
സ്ത്രീകളുടെ ദേഷ്യം (Feminine rage) പലപ്പോഴും സോഷ്യൽ മീഡിയയിൽ ആകർഷകമായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ലോകത്ത് അതിന്റെ പ്രത്യാഘാതങ്ങൾ വ്യത്യസ്തമാണ്. നാട്യശാസ്ത്രത്തിലെ നവരസങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ, സ്റ്റേജിൽ രൗദ്ര രസം (ദേഷ്യം) പ്രകടിപ്പിക്കാൻ എളുപ്പമാണെന്നും എന്നാൽ വീര രസം അഥവാ യഥാർത്ഥ കരുത്ത് ആർജ്ജിച്ചെടുക്കുക എന്നത് കഠിനമാണെന്നും പഠനങ്ങള് ചൂണ്ടിക്കാട്ടുന്നു. ദേഷ്യം ഉണ്ടാകുന്നത് ഭയത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ്.'ഗോഡ്ഫാദർ' സിനിമയിലെ ഉപദേശത്തെ ഉദ്ധരിച്ചുകൊണ്ട്, ഏതൊരു നീക്കവും ദേഷ്യത്തിൽ നിന്നല്ല മറിച്ച് കരുത്തിൽ നിന്നായിരിക്കണം ഉണ്ടാകേണ്ടതെന്ന് വ്യക്തമാക്കുന്നു. ഭയത്തിന് കീഴടങ്ങുന്നത് ജീവിതത്തിൽ കൂടുതൽ അക്രമത്തെയും വിദ്വേഷത്തെയുമാണ് ആകർഷിക്കുക. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ശാന്ത രസം അഥവാ സമാധാനമായിരിക്കണം എന്ന് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി പറയുന്നു. ഭക്തിയിൽ ശൃംഗാര രസത്തിന് ആത്മീയമായ പരിണാമം നൽകാൻ കഴിയുമെങ്കിലും പലപ്പോഴും നമ്മൾ ഇന്ദ്രിയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും അനുജ അഭിപ്രായപ്പെട്ടു.
