കവിതകളും തൻ്റെ യാത്രകളും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ടെന്ന് കവയിത്രി അനിത തമ്പി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'യാത്ര: രൂപകവും പ്രമേയവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. കവി പി രാമൻ മോഡറേറ്ററായി എത്തിയ ചർച്ചയിൽ കവിതയും യാത്രകളും ഭാഷയും ചർച്ചയായി.
യാത്രകൾ ഇഷ്ടപ്പെടുന്ന അനിത തമ്പിയുടെയും യാത്രകളോട് പൊതുവെ താല്പര്യം ഇല്ലാത്ത പി രാമൻ്റെയും ചിന്തകളുടെ ഒഴുക്ക് വേദിയെ കൂടുതൽ മനോഹരമാക്കി.
തന്റെ കവിതകളും യാത്രകളും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്. ഓരോ കവിതകളും ഒരു വിളി പിന്തുടരൽ ആണ്. വീടിന്റെ അരയേക്കറിൽ നിന്നും നിരന്തരം ചാന്ദ്രയാത്ര നടത്തിക്കൊണ്ടിരുന്ന തന്റെ കുട്ടിക്കാലം പോലും യാത്രയോടുള്ള തന്റെ ഇഷ്ടത്തെയാണ് വെളിപ്പെടുത്തി കൊണ്ടിരുന്നതെന്ന് ഈ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്. കവി എന്ന നിലയിൽ ഒഴുകാതെ കെട്ടിക്കിടന്ന് പോകുമോ എന്ന ഭയമാണ് ഭാഷയിലൂടെ ചലിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
