കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം ലഭിച്ചതിനു പിന്നാലെ താൻ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും വ്യക്തിഹത്യകളെക്കുറിച്ചും തുറന്നുപറഞ്ഞ് എഴുത്തുകാരൻ അഖിൽ പി ധർമ്മജൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'പ്രണയം, മിസ്റ്ററി, ഫാന്റസി – എഴുത്തുലോകങ്ങൾ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനീഷ് പുതുപ്പണം മോഡറേറ്റർ ആയിരുന്നു. തന്റെ കൃതിയെ വിമർശിക്കുന്നതിനോട് വിയോജിപ്പില്ലെന്നും എന്നാൽ കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും അഖിൽ വ്യക്തമാക്കി. കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചത് വളരെയധികം വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കരിയറിലെ വലിയ വിജയങ്ങൾക്കിടയിലും നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ച് (Depression) അഖിൽ മനസ്സു തുറന്നു. പുറമേ നിന്ന് നോക്കുമ്പോൾ വലിയ വിജയങ്ങൾ കൈവരിച്ച ഒരാളായി തോന്നാമെങ്കിലും വ്യക്തിജീവിതത്തിൽ താൻ വലിയ പോരാട്ടത്തിലാണ്. അവാർഡുകളോ പ്രശസ്തിയോ പുസ്തകങ്ങളുടെ വിൽപ്പനയോ അല്ല യഥാർത്ഥ വിജയം. രാത്രി സമാധാനമായി ഉറങ്ങാൻ കഴിയുന്നതും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നതുമാണ് യഥാർത്ഥ വിജയമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
തന്റെ ജീവിതത്തിൽ കണ്ട സ്ത്രീകളാണ് എഴുത്തിന് പ്രചോദനമാകുന്നതെന്നും അഖിൽ പറഞ്ഞു. സ്വന്തം അമ്മയെയും ജീവിതത്തിൽ പരിചയപ്പെട്ട മറ്റു സ്ത്രീകളെയും ശക്തരും ധൈര്യശാലികളുമായി കണ്ടിട്ടുണ്ട്. ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്ന അവരുടെ സ്വഭാവമാണ് തന്റെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഖിലിൻ്റെ രചനകളിൽ സ്ത്രീ കഥാപാത്രങ്ങൾ ശക്തരും ധൈര്യശാലികളായും വരുമ്പോൾ പുരുഷ കഥാപാത്രങ്ങൾ പലപ്പോഴും അത്ര ശക്തരല്ലാത്തവരായി കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന ബിനീഷ് പുതുപ്പണത്തിൻ്റെ ചോദ്യത്തിന് മറുപടിയായാണ് അഖിൽ ഇങ്ങനെ പറഞ്ഞത്.
