പുരുഷാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുന്നതിൽ പലപ്പോഴും സ്ത്രീകൾ തന്നെ 'കാലാൾപ്പട'യായി മാറുന്നുണ്ടെന്ന് അബ്ദുൾറസാഖ് ഗുർണ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒൻപതാം പതിപ്പിൽ ദിലിപ് എം മോനോനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുർണയുടെ നോവലുകളിൽ, പ്രത്യേകിച്ച് 'ആഫ്റ്റർലൈവ്‌സ്' (Afterlives) പോലുള്ള കൃതികളിൽ, പുരുഷാധിപത്യം (Patriarchy) കുടുംബങ്ങളെയും വ്യക്തികളെയും എങ്ങനെ ബാധിക്കുന്നു എന്നത് പ്രധാന വിഷയമാണ്.
സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ വ്യവസ്ഥിതിയെ സംരക്ഷിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. പുരുഷാധിപത്യത്തിന് വിധേയരായിരിക്കുമ്പോഴും, സ്ത്രീകൾ തങ്ങൾക്കിടയിലും കുട്ടികളുമായുള്ള ബന്ധങ്ങളിലും പുലർത്തുന്ന വിട്ടുവീഴ്ചകളും സ്നേഹവും ഈ വ്യവസ്ഥിതിയെ ഉള്ളിൽ നിന്ന് പിന്താങ്ങുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബവ്യവസ്ഥിതിയിൽ കുട്ടികൾ പലപ്പോഴും മുതിർന്നവരുടെ അധികാരത്തിന് ഇരയാകുന്നവരാണ്. കുട്ടികളുടെ ഭാവി (വിവാഹം, ജോലി) നേരത്തെ തന്നെ നിശ്ചയിക്കപ്പെടുന്നു. അവർ വെറും കളിപ്പാവകളായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധിനിവേശ കാലഘട്ടത്തിലെ ഉദ്യോഗസ്ഥരും തദ്ദേശീയരും തമ്മിലുള്ള ബന്ധങ്ങളും ചർച്ചയായി. ഒരു ജർമ്മൻ ഉദ്യോഗസ്ഥൻ ഒരു തദ്ദേശീയ യുവാവിനോട് കാണിക്കുന്ന ദയ, അയാൾ തന്റെ ഔദ്യോഗിക പദവിക്കിടയിലും അനുഭവിക്കുന്ന കുറ്റബോധത്തിന്റെ ഭാഗമാകാം. ഇത്തരം ചെറിയ കാരുണ്യപ്രവൃത്തികൾ വ്യവസ്ഥിതിയെ മാറ്റിമറിക്കുന്നില്ലെങ്കിലും വ്യക്തിപരമായ തലത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലതരത്തിലുള്ള അധികാരങ്ങളും, അധികാരത്തിന് ഇരയാകേണ്ടി വരുന്നതും വേദിയിൽ ചർച്ചയായി.
