ബെന്യാമിന്‍ പറയുന്നു, തന്‍റെ സോർബയെയും മൾബെറിയെയും കുറിച്ച്...

Interview

ബെന്യാമിന്‍ പറയുന്നു, തന്‍റെ സോർബയെയും മൾബെറിയെയും കുറിച്ച്...


ബെന്യാമിൻ്റെ പുതിയ നോവൽ 'മൾബെറി, എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ' വായനക്കാരിലേക്ക് എത്തുകയാണ്. പ്രസാധകനായ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻസാക്കിസിന്‍റെയും ജീവിതാഖ്യാനങ്ങളിലൂടെ വളരുന്ന ഈ നോവൽ മലയാളിയുടെ വായനാ ജീവിതം കൂടിയാണ്. ഒരു കാലഘട്ടത്തെ നോവലിലേക്ക് പകര്‍ത്തുമ്പോള്‍ അന്നു ജീവിച്ചിരുന്ന, വായനക്കാര്‍ക്ക് അറിയാവുന്ന പലരും ഇവിടെ കഥാപാത്രങ്ങളായി മാറുന്നു. കെട്ടിലും മട്ടിലും പുതുമയോടെ എത്തുന്ന തന്‍റെ പുതിയ നോവലിനെക്കുറിച്ച് ബെന്യാമിൻ മനസ്സ് തുറക്കുന്നു.

ആദ്യ പുസ്തകത്തിൻ്റെ പ്രസാധകനായ ഷെൽവി, പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻസാകീസ്. തനതായ നിലനില്‍പ് ഈ രണ്ടു മഹാജീവിതങ്ങൾക്കുമുണ്ടെങ്കിലും ഇത്തരമൊരു ചേർത്തുവെക്കൽ എന്തുകൊണ്ടാണ്?

എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടുപേർ എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം. കസാൻസാകിസിനെ വായനയിലൂടെ നമുക്ക് മുന്നമേ അറിയാം. എന്നാൽ ഷെൽവിയെക്കുറിച്ച് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ. ആ ജീവിതം ആഴത്തിൽ തേടുമ്പോഴാണ് ഇവർ തമ്മിലുള്ള അസാധാരണമായ സാമ്യം ഞാൻ കണ്ടെത്തുന്നത്. ഒരെഴുത്തുകാരൻ എങ്ങനെയാണ് ഒരു വായനക്കാരനെ സ്വാധീനിക്കുന്നതെന്നും അയാൾ പിന്നെ ആ എഴുത്തുകാരനെ അമ്മാതിരി അനുകരിക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്നും ഞാൻ കണ്ടെത്തി. അപ്പോഴാണ് അവർ രണ്ടും സമാന്തരപാതകൾ പോലെ വന്നു നിറയുന്ന ഒരു നോവൽ ആവണം എഴുതുന്നത് എന്ന തീരുമാനമുണ്ടായത്. അതിനുവേണ്ടി വീണ്ടും കസാൻ സാകിസിനെ പഠിക്കുമ്പോഴാണ് നാം ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സാകിസിന്റെയും സോർബയുടെയും ജീവിതം എന്റെ മുന്നിൽ തെളിഞ്ഞു കിട്ടുന്നത്. അല്പം സ്തോഭജനകമാണെങ്കിലും അത് കൂടി പറയണം എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.


Related Articles