കുറ്റവാളികളായി ആരും ജനിക്കാറില്ലെന്നും സമൂഹമാണ് അവരെയങ്ങനെയാക്കുന്നതും പൊതുവേ പ്രയോഗിച്ചു കാണാറുണ്ട്. എന്നാൽ അതേ നാട്ടിൽതന്നെ നിയമത്തിന്റെ കുരുക്കിൽ പെടുത്തി ചില പ്രത്യേക വിഭാഗങ്ങളെ ജന്മനാ കുറ്റവാളികളെന്ന് മുദ്രകുത്തുന്നത് വൈരുധ്യമായി തോന്നാം. കൊളോണിയൽ കാലം മുതൽ ആരംഭിക്കുന്നതാണ് ഈ വേർതിരിവിന്റെ ചരിത്രം. സ്വാതന്ത്ര്യത്തിന് ശേഷവും ഇപ്പോൾ ഈ എഴുപത്തഞ്ചാം വർഷത്തിലും അതിന് മാറ്റം അവകാശപ്പെടാനില്ല. ഡീനോട്ടിഫൈഡ് ട്രൈബ്എന്ന പേരിൽ വിളിക്കപ്പെടുന്ന ആ സമുദായങ്ങൾക്കും പറയാൻ വിവേചനത്തിന്റെ കഥകളുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഛാരാനഗറുകാർക്ക്, ഛാരാ സമുദായത്തിന്, ആ കഥകൾക്കൊപ്പം അതിനെ കലയിലൂടെ എങ്ങനെ മറികടന്നുവെന്ന് കൂടി പറയാനുണ്ട്. അവിടെ കല കേവലം ആവിഷ്കാരം മാത്രമല്ല. പ്രതിരോധവും പ്രതിഷേധവും ഉയർത്തെഴുന്നേൽപ്പുമാണ്. 'ജന്മനാ കുറ്റവാളികൾ' ആണെന്ന്, മോഷ്ടാക്കളാണെന്ന് ചാപ്പകുത്തി അരികിലേക്ക് മാറ്റി നിർത്തിയതിന്റെ ചരിത്രം തിരുത്തിയെഴുതാനാണ് അവർക്ക് നാടകം. കല സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളിൽ, ആട്ടിയിറക്കലുകളിൽ, വേർതിരിവുകളിലൊക്കെ നിലനിൽക്കാനുള്ള പോരാട്ടമാണ്. കല എങ്ങനെ ഒരു സമൂഹത്തിന്റെ അതിജീവനത്തിന് ഊർജമേകുന്നുവെന്നതിന്റെ പാഠമാണ് ഛാരാനഗറിലെ ബുധൻ തിയേറ്റർ. ഛാരാ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങിയ ബുധൻ തിയേറ്ററിന്റെ കൈത്താങ്ങ് ഇപ്പോൾ ഗുജറാത്തിലെ മറ്റ് ഡീനോട്ടിഫൈഡ് ട്രൈബ് വിഭാഗങ്ങളിലേക്കും പടർന്നിരിക്കുന്നു. മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു.
ഇവിടെ സംസാരിക്കുന്നത് എഴുത്തുകാരനും ഡോക്യുമെന്ററി സിനിമാ സംവിധായകനും നാടകപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ദക്ഷിൺ ബജ്റംഗി ഛാരയാണ്. 'നാഷണൽ അലയൻസ് ഗ്രൂപ്പ് ഓഫ് നൊമാഡിക് ആൻഡ് ഡിനോട്ടിഫൈഡ് ട്രൈബ്' എന്ന സംഘടനയുടെ പ്രസിഡന്റ്, ഡിഎൻടി അധികാർ മഞ്ചിന്റെ നാഷണൽ കൺവീനർ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്. 2020ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ദ ലാസ്റ്റ്മാൻ' എന്ന ഡോക്യുമെന്ററി 2021- ലെ കേരള ചലച്ചിത്ര അക്കാദമിയുടെ ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയവിഷയങ്ങൾ പ്രമേയമാക്കി 120 ഫിക്ഷൻ, നോൺ ഫിക്ഷൻ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
