എം. സുകുമാരനുമായുള്ള ആദ്യത്തെയും അവസാനത്തേതുമായ ഒരു കൂടിക്കാഴ്ചയിൽ, 1917-ൽ, ഞാൻ ചോദിച്ച ചോദ്യങ്ങളിലൊന്ന്, ഇക്കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടു കാലത്ത് ഒരു കഥപോലും എഴുതാൻ തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നാണ്. ഒരു ദീർഘനിശ്വാസത്തിനൊടുവിൽ എം സുകുമാരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു-ഒരു കഥയുടെ ആശയം എഴുതി ഫലിപ്പിക്കാനുള്ള കരുത്ത് തന്റെയീ ദുർബ്ബലശരീരത്തിനില്ലെന്നും അതുകൊണ്ട് എഴുത്തിൽനിന്നകന്നു നടക്കുകയാണെന്നും. ഇക്കാര്യം ഓർക്കാനുള്ള പ്രധാനപ്പെട്ട കാരണം, പി കെ നാണുവുമായുള്ള കൂടിക്കാഴ്ചയിലാണ്. പി. കെ. നാണുവും കഥയെഴുത്ത് ഏതാണ്ട് നിർത്തിയ മട്ടായിരുന്നല്ലോ. കഥയെഴുത്ത് നിലച്ചുപോയി എന്നത് സത്യമാണ് പക്ഷേ, അത് ആത്മനിഷ്ഠമായ ചില കാര്യങ്ങളെത്തുടർന്നാണ്. അത് പ്രത്യയശാസ്ത്രപരമല്ല, പി.കെ. നാണു പറഞ്ഞു.
ഒരു ആദിവാസി ബാലന്റെ ആത്മകഥയിൽനിന്ന് (1990), സ്ഥിതിവിശേഷം (1992), കഥയല്ല (2004), നാലു നോവെല്ലകൾ (2010), അവസാനത്തെ ശബ്ദം (2011) തുടങ്ങി വളരെക്കുറച്ച് പുസ്തകങ്ങൾ. എം സുകുമാരന്റേതിന് സമാനമായൊരവസ്ഥ നാണുവും നേരിടുന്നുണ്ടോ എന്നതായിരുന്നു എന്റെ സംശയം. നേരിട്ട് കണ്ടിട്ടില്ലെങ്കിലും എം സുകുമാരനോടുള്ള പി കെ നാണുവിന്റെ ആരാധനയ്ക്ക് ഇപ്പൊഴും ഒരു കുറവും സംഭവിച്ചിട്ടില്ല. നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചെങ്കിലും ആ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായില്ലെന്നുള്ള നഷ്ടബോധം ഇപ്പോഴുമുണ്ട്.
കേരളംവിട്ടു ജീവിക്കുമ്പോഴും നിരന്തരം കത്തെഴുതുകയും അവധിദിനങ്ങളിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളത് യു. പി. ജയരാജുമായിട്ടാണ്. ആത്മബന്ധുക്കളായിരുന്നു ഇരുവരും. അന്നവർ കൈമാറിയിരുന്ന കത്തുകൾപോലും സർഗാത്മകരചനകൾപോലെയാണ്. അവയിൽ കഥയും ജീവിതവും ഉണ്ടായിരുന്നത്രേ. അടിയന്തരാവസ്ഥയിലെ നക്‌സലൈറ്റ് അറസ്റ്റു നടക്കുന്ന കാലത്ത് ആ കത്തുകളെല്ലാം ഒന്നിച്ചുകൂട്ടി പി. കെ. നാണുതന്നെ കത്തിച്ചുകളയുകയായിരുന്നു.
