പൊതുപ്രവർത്തനം ജാലവിദ്യയല്ല

Interview

പൊതുപ്രവർത്തനം ജാലവിദ്യയല്ല


കേരള നിയമസഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി. നാലുതവണ എം.എൽ.എ; കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൽ സാമൂഹ്യനീതി, ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി.  ഐക്യരാഷ്ട്രസഭയുടെ പൊതുസേവന ദിനത്തോടനുബന്ധിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട ലോകനേതാക്കളിൽ ഒരാൾ.  നിപ്പ- കൊവിഡ് പ്രതിരോധശ്രമങ്ങളെ മുൻനിർത്തി  മാഗ്സസെ പുരസ്‌കാരത്തിന് ഐകകണ്‌ഠേന നിർദ്ദേശിക്കപ്പെട്ട സാമൂഹിക പ്രവർത്തക. സി. പി. ഐ (എം) കേന്ദ്രകമ്മിറ്റി അംഗം.  കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ വനിതകളിൽ ഏറ്റവുമധികം ജനകീയപിന്തുണയുള്ള വ്യക്തി. കെ.കെ. ശൈലജട്ടീച്ചർ സംസാരിക്കുകയാണ്.

മനോജ് വി: ടീച്ചറുടെ ജനനം ഐക്യകേരളപ്പിറവിയിലാണോ അതോ ആദ്യത്തെ കമ്യൂണിസ്റ്റ്മന്ത്രിസഭ നിലവിൽ വന്ന വർഷമോ. രണ്ടുതരത്തിൽ രേഖപ്പെടുത്തിക്കാണുന്നു?

കെ. കെ. ശൈലജ: എല്ലാവരും എപ്പോഴും ഓർക്കുന്ന വർഷത്തിലാണ് ഞാൻ ജനിച്ചത്. ആദ്യം സൂചിപ്പിച്ച ഐക്യകേരളം പിറന്നവർഷം, അതായത് 1956 നവംബർ 20 എന്നത് എന്റെ ഔദ്യോഗിക രേഖകളിലുള്ള ജനനത്തീയതിയാണ്; യഥാർത്ഥത്തിൽ 1957 മാർച്ച് 15 ആണ്. സ്‌കൂൾ പ്രവേശനത്തിനുള്ള സൗകര്യാർത്ഥം ആറ് വയസ്സ് പൂർത്തിയാക്കാൻ വേണ്ടിവന്ന ഒരു മാറ്റം. ഈ രണ്ടുവർഷവും വളരെ പ്രത്യേകതയുള്ളതാണ്. നമ്മുടെ രാജ്യം സ്വതന്ത്രമായതിനുശേഷം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപംകൊണ്ടയുടനേ നടന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ 1957-ൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നു. ഇത് ചരിത്രത്തിലും ഒരു വഴിത്തിരിവാണ്. കാരണം അതുവരെ ഇടതുപക്ഷം പോരാടിയത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും അതോടൊപ്പം ഇവിടുത്തെ ജന്മിത്തം അവസാനിപ്പിക്കുന്നതിനുവേണ്ടിയുമായിരുന്നു. എന്റെ കുടുംബം ഈ പോരാട്ടത്തിൽ ഭാഗഭാക്കായി.


Related Articles