നിരവധി പരിണാമഘട്ടങ്ങൾ കടന്നുവരികയും സാമ്പ്രദായിക കാഴ്ചപ്പാടിൽനിന്നും സംവേദനത്തിന്റെ പുതിയ ധാരകളിലേക്ക് വളരുകയും ചെയ്ത മലയാളകഥയിൽ സമകാലിക ജീവിതത്തെയും കേവലമനുഷ്യന്റെ ആകുലതകളെയും തന്റെ രചനകളിൽ സമർത്ഥമായി സന്നിവേശിപ്പിക്കുന്ന എഴുത്തുകാരനാണ് ഉണ്ണി ആർ.
ചരിത്രത്തോടുള്ള നിരാസമാണ് കലയുടെ ആത്യന്തികലക്ഷ്യമെന്നുള്ള ഉത്തരാധുനികരീതിയിൽനിന്ന് വേറിട്ട് ചരിത്രത്തിന്റെ ജീവസ്സുറ്റ പുനർവായനയാണ് മറ്റൊരർത്ഥത്തിൽ സ്വന്തം രചനകളിലൂടെ ഈ കഥാകാരൻ നിർവ്വഹിക്കുന്നത്. സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും സമകാലികാവസ്ഥകളെ നിശിതമായ പ്രതികരണങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് തിരക്കഥാകൃത്തുകൂടിയായ ഉണ്ണി ആർ, ഈ അഭിമുഖസംഭാഷണത്തിൽ.
ടി.എം. ഹർഷൻ: ഒരു എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്; ആ തുടർച്ചയിൽ ഉണ്ണി ആർ ഒരു സെലിബ്രിറ്റിയായി ആഘോഷിക്കപ്പെടുകയുംചെയ്യുന്നുണ്ട്. എന്തിനും വഴക്കമുള്ള ഒരാൾ എന്ന് സ്വയംതോന്നിയിട്ടുണ്ടോ?
ഉണ്ണി ആർ: ഈ ചോദ്യത്തെ ഞാനൊന്നുചെറുതായി തിരുത്തിക്കോട്ടെ. ഒരെഴുത്തുകാരനാണ്; കഥാകൃത്ത് എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും. പക്ഷേ, ഒരു മാധ്യമപ്രവർത്തകൻ എന്ന് നമ്മൾ സാധാരണ വിളിക്കുന്നത് ജേണലിസ്റ്റുകളെയാണ്. ഞാൻ ജേണലിസ്റ്റായിരുന്നില്ല. ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാം വിഭാഗത്തിലായിരുന്നു ജോലി. പിന്നെ സെലിബ്രിറ്റി എന്നുള്ള പ്രയോഗത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഒരെഴുത്തുകാരൻ എന്ന നിലയിൽ അയാൾ എഴുതിയ കഥയാണ് സെലിബ്രേറ്റ് ചെയ്യപ്പെടേണ്ടത്. ഇന്നത്തെക്കാലത്ത് ഏതു ക്രിമിനലിനും അല്ലെങ്കിൽ വാർത്താ ചാനലിൽ നിരന്തരം മുഖം കാട്ടുന്ന ഏതൊൾക്കും സെലിബ്രിറ്റി സ്റ്റാറ്റസ് എവിടെയോ വന്നുചേരുന്നുണ്ട്. സെലിബ്രിറ്റി എന്നത് ഒരുപക്ഷേ ആളുകളുടെ മുഖപരിചയം കൊണ്ട് ഉണ്ടാവുന്ന ഒന്നാണ്. ഫേക്കായിട്ടുള്ള ഒരു കാര്യമാണത്. എനിക്ക് വഴങ്ങുന്നത് എഴുത്തുമാത്രമാണ്.
