പ്രളയത്തോടൊപ്പം ജാതി ഒലിച്ചുപോയില്ല

Interview

പ്രളയത്തോടൊപ്പം ജാതി ഒലിച്ചുപോയില്ല


ലിംഗസമത്വവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കുശേഷം റിപ്പബ്ലിക്കൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ സുപ്രീംകോടതി വിധി പറഞ്ഞത് കേരളത്തെ കലാപഭരിതമാക്കിത്തീർത്തിരിക്കുന്നു. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന വിധിക്കെതിരെ സ്വന്തം ശരീരം അശുദ്ധമാണെന്നു പറഞ്ഞ് പ്രതിഷേധിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ കേരളത്തിൽ നാം കാണുന്നത്. ലിംഗനീതിയുടെ വിഷയത്തിൽ അനുകൂലമായ നിലപാടുകൾ എടുക്കുന്നവർ അതിഭീകരമായ ജാതി അധിക്ഷേപങ്ങൾക്ക് വിധേയമാകുന്നു. അത് പലപ്പോഴും കീഴാളമനുഷ്യരുടെ ജാതിസ്വത്വത്തിലേക്കും ലിംഗപരമായ വാചിക ഹിംസകളിലേക്കും കേന്ദ്രീകരിക്കപ്പെടുന്നു.

നിരവധി പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമരസംഘടനാരംഗത്തെ സാന്നിദ്ധ്യങ്ങളാലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സണ്ണി എം. കപിക്കാട് അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പരിപ്രേഷ്യത്തിൽ കേരളീയ ആധുനികതയെയും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെയും സാമൂഹികനീതിയെയും വികസനത്തെയും പൗരത്വത്തെയും കുറിച്ചുള്ള മുഖ്യധാരാ വ്യവഹാരങ്ങളെ സൂക്ഷ്മമായ വായനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ അരികുജീവിതങ്ങളുടെ മർമ്മപ്രധാനമായ പ്രശ്‌നങ്ങളെ പൗരസമൂഹത്തിന്റെ മുമ്പിൽ ആർട്ടിക്കുലേറ്റ് ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. അടുത്തിടെ പുറത്തിറങ്ങിയ 'ജനതയും ജനാധിപത്യവും: ദലിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ' എന്ന ഇദ്ദേഹത്തിന്റെ കൃതി നിരവധി ചർച്ചകൾക്കും വായനകൾക്കും ഇടയൊരുക്കി. ശബരിമല വിഷയത്തിലും വളരെ വ്യക്തവും ധീരവുമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് അദ്ദേഹം പൊതുമണ്ഡലത്തിലുണ്ട്. അതിന്റെ തുടർച്ചയെന്നോണം ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സങ്കീർണതലങ്ങൾ, സാമൂഹികരാഷ്ട്രീയം, നൈതികമാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ അഭിമുഖ സംഭാഷണത്തിൽ സണ്ണി എം. കപിക്കാട്.

ചന്ദ്രൻ കോമത്ത്: കേരളത്തിന്റെ സമീപകാലചരിത്രത്തിലൊന്നും കാണാത്തവിധത്തിൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് തികച്ചും അക്രമാസക്തമായ രീതിയിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നവബ്രാഹ്‌മണിക ശക്തികളുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ രൂപപ്പെട്ടിരിക്കുകയാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണ് എന്ന് പറയപ്പെടുന്ന കേരളത്തിൽ ഇത്ര പെട്ടെന്ന് പേടിപ്പെടുത്തുന്ന വിധത്തിൽ നവബ്രാഹ്‌മണിക ശക്തികൾക്ക് ആർത്തലയ്ക്കാൻ സാധിക്കുന്നത് എന്തുകൊണ്ടാണ്?


Related Articles