യുദ്ധത്തെക്കുറിച്ചുള്ള ചില പൗരസ്ത്യ വീക്ഷണങ്ങൾ

Interview

യുദ്ധത്തെക്കുറിച്ചുള്ള ചില പൗരസ്ത്യ വീക്ഷണങ്ങൾ


മഹാത്മാഗാന്ധി സര്‍വകലാശാലയിലെ, ദി നെല്‍സണ്‍ മണ്ടേല ആഫ്രോ-ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍മാനും, ന്യൂ ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പശ്ചിമേഷ്യന്‍ പഠന വകുപ്പ് മേധാവിയുമായിരുന്നു പ്രൊഫസ്സര്‍ എ.കെ. രാമകൃഷ്ണൻ. അദ്ദേഹം, അമേരിക്കയിലെ ബക്നല്‍ യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ്, പ്രൊഫസ്സര്‍, ഇറാനിലെ Allameh Tabatabai സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസ്സര്‍, ഈജിപ്തിലെ അല്‍ കെയ്റോ സര്‍വകലാശാലയിലെ ഫെല്ലോ ആയെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫലസ്ഥീന്‍, ഇസ്രായേല്‍, തുര്‍ക്കി, ഗള്‍ഫ് നാടുകള്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 2025 ജൂലൈ ആദ്യ വാരം കോട്ടയത്ത് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ വച്ച് നടത്തിയ അഭിമുഖമാണിത്.

ഡോ. ടി.കെ. ജാബിര്‍: അന്തർദേശീയ തലത്തിലെ രാഷ്ട്രീയപ്രശ്നങ്ങൾ വസ്തുതാപരമായി നിരീക്ഷിക്കുന്ന വ്യക്തി എന്നുള്ള നിലയിൽ ലോകത്ത് വർദ്ധിച്ചുവരുന്ന യുദ്ധങ്ങളെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

പ്രൊഫ. എ.കെ. രാമകൃഷ്ണന്‍: ഒരു പ്രധാനപ്പെട്ട കാര്യം ഈ ദേശീയ രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചുള്ള വെസ്റ്റ്ഫാലിയൻ (Westphalian) അന്താരാഷ്ട്രവ്യവസ്ഥ എന്നു പറയുന്നത് പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നതാണ്. അതിൽ പ്രധാനപ്പെട്ടത് രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും അതിർത്തികളെയും സംബന്ധിച്ചതാണ്. ഒരു രാഷ്ട്രത്തിന്റെ പരമാധികാരം മറ്റു രാഷ്ട്രങ്ങൾ അംഗീകരിക്കുമ്പോഴാണ് ദേശരാഷ്ട്ര വ്യവസ്ഥകൾ (nation states) നിലനിൽക്കുന്നത്. പ്രത്യേകിച്ചും ശീതയുദ്ധാനന്തരം ഈ വ്യവസ്ഥകളെ അട്ടിമറിക്കുന്ന പല സംഭവങ്ങൾ വന്നുകൊണ്ടിരുന്നു. അമേരിക്കൻ നേതൃത്വത്തിലുള്ള ഇറാക്ക്, അഫ്ഗാനിസ്ഥാൻ, ലിബിയ,സിറിയ അധിനിവേശങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇതിന് കാരണം ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന പ്രബലമായ രാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളാണ്. മറ്റൊരു പ്രധാന കാര്യം ഗ്ലോബൽ മാർക്കറ്റിന്റെ നവലിബറൽ (Neo-Liberal) രീതിയിലുള്ള മുതലാളിത്തമാറ്റം. ആ മാറ്റംകൊണ്ട് ഭരണകൂടത്തിന് സാമ്പത്തിക വ്യവഹാരങ്ങളുടെ കാര്യത്തിൽ പരമാധികാരത്തോടെയുള്ള ഇടപെടൽ അസാധ്യമായിരിക്കുന്നു എന്നതാണ്. കോർപ്പറേറ്റുകളും കമ്പോളശക്തികളും ഒക്കെ ഭരണകൂട പരമാധികാരത്തിനുമേൽ കടന്നുകയറുന്ന രീതി ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗംതന്നെയാണ് സാങ്കേതികവിദ്യകളുടെ വികാസം. ഈ ഇന്റർനെറ്റ് യുഗത്തിൽ ഒരു ദേശരാഷ്ട്ര അതിർത്തിയും ദേശരാഷ്ട്രങ്ങളുടെ അപ്രമാദിത്യം ഉള്ളതായി കരുതുന്നില്ല. എല്ലായിടവും കടന്നു ചെല്ലാൻ ശേഷിയുള്ളതാണ്. ഭരണകൂടങ്ങൾ ഇന്റർനെറ്റ് പോലുള്ളവയെ നിയന്ത്രിക്കാൻ ശ്രമിക്കുമെങ്കിലും അതിനപ്പുറം ഉള്ളതാണ് സാങ്കേതികവിദ്യകളുടെ വികാസം. മറ്റൊന്ന് പാരിസ്ഥിതികമായ പ്രശ്നങ്ങളാണ്. ആഗോള കാലാവസ്ഥാവ്യതിയാനം തുടങ്ങിയവ. ദേശരാഷ്ട്രങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് നിയന്ത്രിക്കാവുന്നതോ പരിഹരിക്കാവുന്നതോ അല്ല അവയൊന്നും. അതുപോലെ പല കാരണങ്ങളും ഉണ്ട്.


Related Articles