സമകാലീന അന്താരാഷ്ട്ര ചലച്ചിത്ര സമൂഹം, ആവിഷ്ക്കാരസ്വാതന്ത്ര്യം നേരിടുന്ന വിഷയങ്ങൾ എന്നിവയെപ്പറ്റി അഗ്നിഷ്ക ഹോളണ്ടുമായി പോളീന സഡോവ്സ്ക്യ (Polina Sadovskaya) സംസാരിക്കുന്നു.
പോളീന: താങ്കളുടെ ചിത്രങ്ങൾ മിക്കവയും രാഷ്ട്രീയ പ്രമേയങ്ങളാണല്ലോ അടിസ്ഥാനമാക്കുന്നത്. ഫെമിനിസം മുതൽ പരിസ്ഥിതിവരെയും രാഷ്ട്രീയം മുതൽ മതം വരെയുമുള്ള വിഷയങ്ങൾ അവ ആവിഷ്കരിക്കുന്നുണ്ട്. കലാപരമായ പ്രകാശനത്തിൽ, രാഷ്ട്രീയം അന്തർലീനമായി കിടക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയമായ അടിച്ചമർത്തൽ, കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടോ?
അഗ്നിഷ്ക: ചലച്ചിത്രകാരന്മാരും/ചലച്ചിത്രകാരികളും കലാപ്രവർത്തകരും നിർബന്ധമായും രാഷ്ട്രീയ നിലപാടുകളുള്ളവരാവണമെന്ന് ഞാൻ കരുതുന്നില്ല. അത് സന്ദർഭങ്ങളേയും വ്യക്തികളുടെ മാനസിക അവസ്ഥകളേയും, അവർ ലോകത്തെ നോക്കിക്കാണുന്ന രീതികളേയും ആശ്രയിച്ചാണിരിക്കുന്നത്. കലാപരമായ ആവിഷ്ക്കാരത്തിൽ നിങ്ങൾ സ്വതന്ത്രരായിരിക്കണമെന്ന് മാത്രമേ പറയുവാനുള്ളൂ. അതിനർത്ഥം, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയത്തെ അതിൽ നിന്നൊഴിവാക്കാമെന്നാണ്.
