അനിശ്ചിതത്വം  കയ്യടക്കിയ ഒക്ടോബർ

Interview

അനിശ്ചിതത്വം കയ്യടക്കിയ ഒക്ടോബർ


എന്റെ ജീവിതത്തിലെ ഏറ്റവും നാടകീയവും അപ്രതീക്ഷിതവുമായ സംഭവങ്ങൾ അരങ്ങേറിയ രണ്ടു മാസങ്ങളായിരുന്നു 2020 ഒക്ടോബറും നവംബറും. എന്നാൽ ആ നാടകത്തിനു തിരശ്ശീല ഉയർന്നതും രാഗാലാപങ്ങൾ തുടങ്ങിയതും 2020 ജൂലൈ മാസത്തിലാണ്.

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ കള്ളക്കടത്തു സ്വർണ്ണത്തെക്കുറിച്ചുള്ള അന്വേഷണം 2020 ജൂലൈയിലാണ് തുടങ്ങിയത്. എന്റെ മുൻസുഹൃത്തും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയുമായിരുന്ന സ്വപ്നാ സുരേഷിന് അതിൽ പങ്കുണ്ടെന്നു കണ്ടതോടെയാണ് ഞാനും സംശയത്തിന്റെ നിഴലിലായത്. എന്നാൽ എന്റെ പേര് അതിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതിന്റെ, കൃത്യമായി പറഞ്ഞാൽ കള്ളക്കടത്തു സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകൊടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന്റെ, ഗതിവേഗം അത്ഭുതാവഹമായിരുന്നു.

കടുംനിറം ചേർത്ത ആരോപണങ്ങളുടെയും ഊതിപ്പെരുപ്പിച്ച നുണക്കഥകളുടെയും കുത്തൊഴുക്കിൽ ആരുടെയും ഓർമ്മയിൽ അതൊന്നും തങ്ങിയിട്ടുണ്ടാവില്ല. മൂന്നു വർഷത്തോളമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കുണ്ടായിരുന്നുവെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം അറിഞ്ഞപ്പോൾതന്നെ അസ്തപ്രജ്ഞനായി പോയ എനിക്ക്, ഒന്നിനു പിറകിൽ ഒന്നായി നിരന്തരം ഉയർന്നു വന്നുകൊണ്ടിരുന്ന ആരോപണങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളനോ പോലും കഴിഞ്ഞിരുന്നില്ല. എന്നെ അറിയുന്ന എന്റെ കുടുംബത്തിന്റെയും, ഏതൊരു വിഷമസന്ധിയിലും എന്നെ ഉപേക്ഷിക്കില്ലെന്നുറപ്പിച്ച സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏറെ ദിവസങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ആ സംഭവഗതികളും അതിന്റെ സമയക്രമവും ഒന്നു വിശകലനാത്മകമായി പരിശോധിക്കാനും അതിലൊളിഞ്ഞിരുന്ന സംശയകരമായ പരസ്പരബന്ധങ്ങൾ തിരിച്ചറിയാനും കഴിഞ്ഞത്.


Related Articles