കൊവിഡ് വ്യാധി ലോകം മുഴുവൻ അടച്ചിടലിലേക്കും തൊഴിൽ നഷ്ടങ്ങളിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ലോകത്തെനയിച്ച വർഷമാണ് കടന്നുപോയത്. പക്ഷെ ഇന്ത്യയിൽ ശ്രദ്ധേയമായ ചില ജനമുന്നേറ്റങ്ങളും പ്രതിഷേധങ്ങളുംകൂടി അതിനിടയിൽ അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ സാമൂഹിക പ്രക്ഷുബ്ധതകളെ വിലയിരുത്തുകയാണ്, ശ്രദ്ധേയയായ കഥാകാരി ഷാഹിന കെ. റഫീഖുമായുള്ള അഭിമുഖഭാഷണത്തിൽ പ്രമുഖ ഇടതുപക്ഷചിന്തകനായ കെ. ഇ. എൻ.
ഷാഹിന കെ. റഫീഖ്: ലോകമെമ്പാടും ഈ അടുത്തകാലത്തുണ്ടായ സമരങ്ങളെ മുൻനിരയിൽ നയിച്ചത് സ്ത്രീകളാണ്, ഇന്ത്യയിലും അതേ. ഷഹീൻ ബാഗും ജാമിയയും എല്ലാം ഉദാഹരണങ്ങൾ. കർഷക സമരത്തിലും അവരുടെ പങ്ക് വലുതാണ്. പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തി ഒന്ന് ആക്കാനുള്ള നിയമപരമായ ചുവടുവെപ്പിലേക്ക് കേന്ദ്രസർക്കാർ നീങ്ങുകയും ചെയ്തിരിക്കുന്നു?
കെ ഇ എൻ: എന്റെ ആദ്യത്തെ പ്രതികരണം ഇരുപത്തിയൊന്നല്ല, ഇരുപത്തിയഞ്ചോ, ഇരുപത്തി എട്ടോ ആയാൽ പോലും കുഴപ്പമില്ല എന്നാണ്. എന്നുമാത്രമല്ല വിവാഹം എന്ന സ്ഥാപനത്തെത്തന്നെ വിമർശനാത്മകമായി നോക്കി കാണേണ്ട ഒരു കാലമാണ് ഇത്. അതിനകത്തുള്ള വൈരുധ്യങ്ങൾ ഒരു ബാധ്യത ആയി മാറിക്കൊണ്ടിരിക്കുകയാണ്. 'വാട്ട് ഈസ് ഹിസ്റ്ററി' എന്ന പുസ്തകത്തിൽ ഇ.എച്ച്.കാർ (E.H. Carr), പൊതുവായ കാര്യങ്ങളെ പരാമർശിക്കാതെ ഒരു ഭാഗത്തെ മാത്രം അവതരിപ്പിക്കുന്ന രീതി ചരിത്രവിശകലനത്തിൽ അപര്യാപ്തമാണ് എന്ന് പറയുന്നുണ്ട്. മൊത്തം സാഹചര്യത്തെ പരിഗണിക്കാതെ ഒരു പ്രതിസന്ധിയെക്കുറിച്ച് മാത്രമായിട്ട് നമ്മൾ അടയാളപ്പെടുത്തുന്നതും അനുചിതമാണ്. ഇന്ത്യൻ പശ്ചാത്തലത്തിൽ, നവഫാസിസ്റ്റ് ഭരണകൂടം ഇങ്ങനെയൊരു നിയമം കൊണ്ടുവരുമ്പോൾ അത് ഒറ്റപ്പെട്ടതായി കാണാനാവില്ല. 2014-നു ശേഷം ഇന്ത്യയിൽ പല സമയങ്ങളിലായി വന്നിട്ടുള്ള നിയമങ്ങളുടെ തുടർച്ചയാണ് അത്. അങ്ങനെ ആലോചിച്ചപ്പോൾ ഇതിന് എതിരായുള്ള അഭിപ്രായത്തിലാണ് ഞാൻ എത്തിപ്പെട്ടത്.
