ഗസാല വഹാബ് ഫോഴ്സ് മാസികയുടെ എക്സിക്യുട്ടിവ് എഡിറ്ററാണ്. ഏഷ്യൻ ഏജിലും ദ ടെലഗ്രാഫിലും പത്രപ്രവർത്തകയായിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ ഗാസാല പഠനവിധേയമാക്കിയിട്ടുണ്ട്. പ്രിയ കെ. നായരുമായുള്ള കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഭാഷണം ഗസാല വഹാബിന്റെ 'ബോൺ എ മുസ്ലിം' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രിയ കെ നായർ: നമസ്കാരം. വളരെയധികം വികാര വിക്ഷോഭങ്ങൾ നിറഞ്ഞ ഒരു പുസ്തകമാണ്, ബോൺ എ മുസ്ലിം. ഇസ്ലാമിന്റെ ചരിത്രവും, ഇസ്ലാം ഇന്ത്യയിലേക്ക് എത്തിയതും ഉൾപ്പെടെ ആയിട്ടുള്ള വളരെയധികം കാര്യങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ഇവിടെ നടന്ന കലാപങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് കൂടി ഈ പുസ്തകത്തിൽ ഉണ്ട്. പുസ്തകത്തിന്റെ ആഖ്യാനം തന്നെ വ്യക്തിപരമാണ്. ഗസാല, ഒരു മുസ്ലിം വനിത കൂടിയാണ്. ഗസാല താങ്കളുടെ വ്യക്തി അനുഭവങ്ങൾ മുതൽ നമുക്ക് സംസാരിച്ചു തുടങ്ങാം എന്ന് കരുതുന്നു.
ഗസാല വഹാബ്: നന്ദി, ഈ പുസ്തകം തീവ്രവാദത്തെ കുറിച്ചുള്ള എന്റെ എഴുത്തുകളുടെ ഒരു ആകത്തുക കൂടിയാണ്. വ്യക്തിപരമായ അനുഭവം എന്നതിന് ഉപരിയായി എങ്ങനെയാണ് പാശ്ചാത്യലോകം ഇസ്ലാമിനെ കരുതുന്നത്, പ്രത്യേകിച്ചും ജിഹാദ് പോലെയുള്ള കാര്യങ്ങളിൽ എന്നതാണ് എന്റെ അന്വേഷണ വിഷയമായി ഈ പുസ്തകത്തിൽ ഉടനീളം കാണാൻ കഴിയുന്നത്. പ്രധാനമായും സ്റ്റീരിയോടൈപ്പിംഗിനെ കുറിച്ചാണ് ഞാൻ അന്വേഷിച്ചത്. സ്റ്റീരിയോ ടൈപ്പിംഗ് പല രീതിയിലാണ് ജനങ്ങളെയും വിശ്വാസങ്ങളെയും ബാധിക്കാറുള്ളത്. ചിലപ്പോൾ ചില സ്റ്റീരിയോടൈപ്പിംഗ് ആളുകളെ വളരെ മോശമായ രീതിയിൽ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഇത്രമാത്രം മുൻവിധികളോടുകൂടിയിട്ട് (prejudices) ആളുകളെ സമീപിക്കുന്നത് എന്നതിനെപ്പറ്റിയിട്ട് എനിക്ക് ആലോചിക്കേണ്ടി വന്നു. ഇസ്ലാം ഇന്ത്യയിൽ എത്തിയതിന്റെ ചരിത്രം മുതൽ ഇസ്ലാമിനെ പറ്റി ഇന്ത്യാ ചരിത്രത്തിൽ ഉള്ള പരാമർശങ്ങൾ. ഉദാഹരണമായി ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ ഒരു മതമായും, ആയിരക്കണക്കിന് ക്ഷേത്രങ്ങളെ നശിപ്പിച്ച ഒരു മതമായും ഉള്ള ചില സ്റ്റീരിയോ ടൈപ്പിംഗ്, അതുപോലെ ചില മുൻവിധികൾ. ഇവയെ പരിശോധിക്കണമെന്ന് തോന്നിയെടത്താണ് ഈ പുസ്തകം ജന്മം എടുത്തത്. അതുകൊണ്ടുതന്നെ ധാരാളം ആളുകളെ കാണുകയും അവരുടെ അഭിപ്രായങ്ങളും ചിന്തകളും ശേഖരിക്കുകയും ചെയ്യേണ്ടതായി വന്നു.
