മോയിൻകുട്ടി വൈദ്യരുടെ ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ, ബദർ പടപ്പാട്ട് എന്നീ കാവ്യങ്ങളെ മുൻനിർത്തി ബ്രിട്ടീഷുകാരനായ എഫ്. ഫോസറ്റ് ഇന്ത്യൻ ആന്റിക്വാറിയിൽ (1889, 1901) എഴുതിയ പഠനങ്ങളാണ്, കണ്ടുകിട്ടിയതിൽ വെച്ച് ഏറ്റവും പഴക്കമുള്ള മാപ്പിളപ്പാട്ട് പഠനങ്ങൾ. പിൽക്കാലത്ത് ടി.ഉബൈദ് അടക്കമുള്ളവർ മാപ്പിളപ്പാട്ടുപഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ആദ്യ വ്യക്തി എം.എൻ. കാരശ്ശേരിയാണ്. 'മാപ്പിളപ്പാട്ടിന്റെ സാഹിത്യ സാംസ്‌ക്കാരിക മൂല്യങ്ങൾ' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. ഡോ. സുകുമാർ അഴീക്കോടായിരുന്നു ഗവേഷണ മാർഗ്ഗദർശി.
മാപ്പിളപ്പാട്ടിനെ മുഖ്യധാരയിൽ സജീവ ചർച്ചാവിഷയമാക്കുന്നതിൽ കാരശ്ശേരി മാഷ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. തന്റെ ഗവേഷണത്തെപ്പറ്റിയും മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിളപ്പാട്ടുകവികളെക്കുറിച്ചുമുള്ള ആലോചനകൾ അദ്ദേഹം പങ്കുവെക്കുകയാണ് ഈ സംഭാഷണത്തിൽ.
അസീസ് തരുവണ: മാപ്പിളപ്പാട്ടിന്റെ സാഹിത്യ സാംസ്‌കാരിക മൂല്യങ്ങൾ (Literary and cultural values of Mappila Songs) എന്നതായിരുന്നുവല്ലോ താങ്കളുടെ പി.എച്ച്.ഡി വിഷയം. മാപ്പിളപ്പാട്ടിനെക്കുറിച്ചുള്ള ആദ്യത്തെ പി.എച്ച്.ഡി വർക്ക് താങ്കളുടേതാണെന്നറിയാം. ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാനുണ്ടായ പശ്ചാത്തലം വ്യക്തമാക്കാമോ?
