ലൈംഗികത്തൊഴിലാളി എന്ന നിലയിലുള്ള തുറന്നെഴുത്തിലൂടെ വായനക്കാരെ നളിനി ജമീല അമ്പരിപ്പിച്ചത് 2005-ലായിരുന്നു.ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഞാൻ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥാപുസ്തകവും നളിനിയുടെ വ്യക്തിജീവിതവും വലിയ ചർച്ചയായി മാറി. മറ്റു ഭാഷകളിലേക്കും അത് വിവർത്തനം ചെയ്യപ്പെട്ടു. ശേഷം എന്തു സംഭവിച്ചു? ഒരു പതിറ്റാണ്ടായി അവർ എന്തു ചെയ്യുകയായിരുന്നു. തൊഴിലിനെ പ്രണയിച്ചപോലെ തന്റെ ഉള്ളിലുള്ള ഒരു പ്രണയവും അവർ ആദ്യമായി തുറന്നു പറയുന്നു. ലൈംഗികാതിക്രമങ്ങൾ കൂടിവരുന്ന കേരളത്തിൽ ചുവന്ന തെരുവുകൾ വേണമോ? ആത്മകഥാകാരിയായതിനുശേഷമുള്ള പത്തു വർഷത്തെ ജീവിതവുമായി നളിനി ജമീല ഒരു അഭിമുഖത്തിനു തയ്യാറായി.
ഡോ. ശ്രീകല മുല്ലശ്ശേരി: അടിയന്തരാവസ്ഥക്കാലത്താണ് നളിനി ജമീല ലൈംഗികത്തൊഴിലാളിയായി മാറിയത്. 30 വർഷത്തെ ജീവിതം തുറന്നെഴുതി. പിന്നീട് പത്തു വർഷത്തിനിടെ എന്തു സംഭവിച്ചു എന്ന് അധികമാർക്കും അറിയില്ല?
നളിനി ജമീല: 2005 ന് ശേഷം എനിക്ക് പറയാനുള്ളത് പ്രധാനമായും ഞാൻ ചെയ്ത തൊഴിൽ എനിക്ക് അന്യമായതിനെക്കുറിച്ചാണ്. തൊഴിൽ ഇല്ലാതായി എന്നു പറഞ്ഞാൽ പൊതുവേ എല്ലായിടത്തും എനിക്ക് തൊഴിൽ ഇല്ലാതായി എന്നുതന്നെ. ഞാൻ എഴുത്തുകാരിയാണെന്ന് ഏറ്റവും അധികം തിരിച്ചറിഞ്ഞത് എന്റെ ക്ലൈന്റുകൾ തന്നെയായിരുന്നു. 'ഞാൻ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥാപുസ്തകം പുസ്തകം റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി. സ്റ്റാന്റിലുമൊക്കെ കടകളിൽ തൂക്കിയിട്ടിരുന്നു. എന്നോട് ബന്ധം പുലർത്തിയ പുരുഷന്മാരെക്കുറിച്ച് ഞാൻ എഴുതുന്നു എന്നൊരു ധാരണ വന്നു. എന്റെ ഫോട്ടോ കൊടുത്തതും അഭിമുഖങ്ങളും പ്രചാരണവുമൊക്കെയായപ്പോൾ ആ ആളുകൾ എന്നെക്കണ്ട് ശരിക്കും പേടിക്കാൻ തുടങ്ങി. ഒരുവശത്ത് പേടിയും മറ്റൊരു വശത്ത് എതിർപ്പും. ഇവളൊക്കെ ആരാ ഞങ്ങളെപ്പറ്റി പറയാൻ എന്ന വിധത്തിലുള്ള എതിർപ്പ്.
