മലയാളത്തിലെ എഴുത്തുകാരികളുടെ ചരിത്രം പരിശോധിച്ചാൽ എഴുത്തിന്റെ മണ്ഡലത്തിലെത്തിയ ഭൂരിപക്ഷം പേരും ഏതെങ്കിലുമൊരു ഘട്ടത്തിൽ എഴുത്തു നിർത്തിപ്പോയിട്ടുണ്ട്. വളരെ ചുരുക്കം ചിലരാണ് ദീർഘകാലയളവിൽ കഥ- നോവൽ രചനകൾ നടത്തിയിട്ടുള്ളത്. ഏതാണ്ട് 1940-കളുടെ പകുതിയിൽ എഴുതി തുടങ്ങിയ പി. വൽസല തന്റെ എഴുപത്തിയാറാമത്തെ വയസിലും സാഹിത്യരംഗത്ത് സജീവം. വൽസലയുടെ കഥകൾ ഗോത്രബോധത്തിന്റെ അവസാനത്തെ സാന്നിധ്യങ്ങൾ പിൻതുടരുന്ന വയനാട്ടിലെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ സാംസ്‌കാരിക മുദ്രണങ്ങളാണ്. കേരളത്തിലെ ഒരു എഴുത്തുകാരിക്കും ഇത്ര വിപുലമായ കഥാമണ്ഡലങ്ങളെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് വൽസലയുടെ തൂലികയ്ക്കു തിളക്കം കൂട്ടുന്നു. ദളിത് ആദിവാസി സ്ത്രീജീവിതങ്ങളെ ഏറെ ആർജ്ജവത്തോടെ അവതരിപ്പിക്കുമ്പോഴും പൊതു സമൂഹത്തിലെ മുഖ്യധാരാ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകളും നോവലുകളും വൽസല രചിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യം മറക്കാനാവുകയില്ല. വൽസലയുടെ രചനകളുടെ പ്രാധാന്യം, സ്ത്രീ-ദളിത്-പരിസ്ഥിതി വാദങ്ങൾ രൂപപ്പെട്ട് ശക്തി പ്രാപിച്ചു വരുന്നതിനും മുമ്പ് ആ പ്രമേയങ്ങളെ, അവയുടെ സാധ്യതകളെ സത്യസന്ധമായി അവതരിപ്പിച്ചതിലാണ്. തിരക്കിൽ അല്പം സ്ഥലം(1960), പേമ്പി (1969), ഉണ്ണിക്കോരൻ ചതോപാദ്ധ്യായ (1969), ഉച്ചയുടെ നിഴൽ (1976), പഴയ പുതിയ നഗരം (1979), അനുപമയുടെ കാവൽക്കാരൻ (1980), ആനവേട്ടക്കാരൻ (1982), പോക്കുവെയിൽ പൊൻവെയിൽ (1982) അന്നാമേരിയെ നേരിടാൻ (1988) എന്നു തുടങ്ങി വൽസലയുടെ സ്ത്രീകൾ (2006) വരെ 23 സമാഹാരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 317 ഓളം കഥകൾ. നെല്ല്, ആഗ്‌നേയം, കൂമൻ കൊല്ലി, വിലാപം തുടങ്ങി വിപുലമായ നോവൽ മണ്ഡലം വേറെയും. പെണ്ണും പ്രകൃതിയും ഇഴ ചേരുന്ന വൽസലയുടെ രചനാ ലോകം അനുവാചകന്റെ മുമ്പിൽ വിസ്മയത്തിന്റെ മണ്ഡലങ്ങൾ തീർക്കുന്നതിനോടൊപ്പം സഹജീവികളോടുള്ള അനുഭാവങ്ങളും ഒരുക്കിയെടുക്കുന്നു. ദളിത്-ആദിവാസി ജീവിതങ്ങൾ സംസ്‌കാരങ്ങൾ, എഴുത്തുവഴികളിലെ അനുഭവങ്ങൾ, പ്രതിസന്ധികൾ, നോവലും ചെറുകഥയും, സ്ത്രീയും പരിസ്ഥിതിയും എന്നു തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വയനാടിന്റെ കഥാകാരി സംസാരിക്കുന്നു.
അനിൽ: പെണ്ണിന്റെ പരിമിതികളിൽനിന്നും പുറത്തുകടക്കുവാനുള്ള ശ്രമങ്ങളായിരുന്നോ വൽസലയുടെ രചനകൾ?
വൽസല: എന്റെ അമ്മ നല്ല ഒരു വായനക്കാരിയായിരുന്നു. തറവാട്ടിൽ എപ്പോഴും ആളും, ബഹളവും ആയതുകൊണ്ട് അമ്മ പലപ്പോഴും ഒളിച്ചും പാത്തുമാണ് വായിച്ചിരുന്നത്. അമ്മ വായിക്കുന്നതൊക്കെ എനിക്കും വായിക്കാൻ തന്നിരുന്നു. സമ്പത്തുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല ല്ലോ. വിദ്യാഭ്യാസമുണ്ടാകണം എന്ന അമ്മയുടെ ആ വാക്കുകൾ ഞാൻ പിൻതുടർന്നു. കോളജിൽ പഠിക്കാൻ ചേർന്നു. അതിന്റെ ഇടയിൽ എഴുത്തു തുടർന്നു. ധാരാളം ആണുങ്ങൾ എഴുതുന്നു. എങ്കിൽ പിന്നെ എന്തുകൊണ്ട് സ്ത്രീകളായ നമുക്കും എഴുതിക്കൂടാ എന്നൊരു ചോദ്യം എന്റെ ഉള്ളിലുമുണ്ടായി. ദളിത്‌വാദവും സ്ത്രീവാദവും സജീവമാകാതിരുന്ന കാലഘട്ടത്തിലാണ് ഞാൻ എഴുതിയത്. ഒരു സ്ത്രീ എന്ന നിലയിൽ എന്റെ എഴുത്തിനു പരിമിതികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
