സംഗീതലോകത്ത് പുതുചരിത്രം സൃഷ്ടിക്കുന്ന റാപ്പ് കലാകാരനാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളി. ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും യുവാക്കളുടെ ഹരമായ സംഗീതകാരനാണ് വേടൻ. കേവലമൊരു പാട്ടുകാരൻ എന്നതിനപ്പുറം സാമൂഹിക രാഷ്ട്രീയവിഷയങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഇദ്ദേഹം. ഈയിടെ ചില വിവാദങ്ങളിലും കേസുകളിലും വേടൻ ഉൾപ്പെടുകയുണ്ടായെങ്കിലും സ്വന്തം നിലപാടുകൾകൊണ്ട് അദ്ദേഹം ആ അവസ്ഥകളെ മറികടന്നു. വേടൻ തന്റെ ജീവിതത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള നിലപാടുകൾ തുറന്നുപറയുന്നു.
രാജേഷ് കെ. എരുമേലി: ശ്രീലങ്കയിൽനിന്നുള്ള അമ്മയുടെ പലായനത്തെക്കുറിച്ച് വേടൻ പാട്ടുകളിലൂടെ സൂചന നൽകുന്നുണ്ട്. അതൊന്നു വിശദീകരിക്കാമോ?
വേടൻ: തമിഴ് ഈഴപ്പോരാട്ടം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് ലങ്കയിൽനിന്നും വലിയ തോതിൽ പലായനമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു. എൽ.ടി.ടി.ഇ അല്ലാത്തവരെപ്പോലും പിടികൂടുന്ന അവസ്ഥയായിരുന്നു. ആ സമയത്താണ് അമ്മയും ജീവനിൽ ഭയന്ന് അവിടെനിന്നും തമിഴ്നാട്ടിലേക്കെത്തുന്നത്. അതൊരു സാഹസികയാത്രയായിരുന്നു. സൈന്യത്തിന്റെ കണ്ണുവെട്ടിച്ചു വേണം കടൽകടന്ന് ഇവിടെ എത്തേണ്ടത്. ആ യാത്രയെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്, വലിയ സമുദ്രം കടന്ന്, മീൻപിടിക്കുന്ന സാധാരണ ബോട്ടിൽ ഇന്ത്യയിൽ എത്തിയ കാര്യം. തമിഴ്‌നാട്ടിലെ നീലഗിരി യിലാണ് അമ്മ പുതിയ ജീവിതം തുടങ്ങിയത്. അവിടെ തേയില, കാപ്പി തോട്ടങ്ങളിലാണ് ആദ്യം ജോലി ചെയ്യുന്നത്. ആ സമയത്താണ് അപ്പനും അവിടെ ജോലിക്കെത്തിയത്. അവിടെവെച്ചാണ് അവർ കണ്ടുമുട്ടുന്നതും സ്‌നേഹത്തിലാകുന്നതും അങ്ങനെയാണ് പിന്നീട് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. പ്രണയിച്ച് വിവാഹം കഴിച്ചതോടെ ഇരുവീടുകളിൽനിന്നും ഉപേക്ഷിക്കപ്പെട്ടു. നീലഗിരി വിട്ടതോടെ തുടർന്ന് ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു. പല ഇടങ്ങളിൽ വ്യത്യസ്ത ജോലികൾ ചെയ്ത ശേഷമാണ് തൃശ്ശൂരിൽ താമസമാരംഭിക്കുന്നത്. തൃശൂർ എത്തിയശേഷം അമ്മയും അപ്പനും കെട്ടിടംപണിതൊഴിലാളികളായി. ഇങ്ങനെ പലതരം ജോലികൾ ചെയ്താണ് ഞങ്ങളെ വളർത്തിയത്.
