ഒരു എഡിറ്ററുടെ മാധ്യമവിചാരണ

Interview

ഒരു എഡിറ്ററുടെ മാധ്യമവിചാരണ


ർച്ചയാകരുത് എന്ന് മലയാളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും തീരുമാനിച്ചുറപ്പിച്ചപോലെ, ചർച്ചയാകാതെ പോയ ഒരു സുപ്രീംകോടതി വിധി സമീപകാലത്തുണ്ടായി; 'മീശ' എന്ന നോവൽ നിരോധിക്കണം എന്നാവശ്യപ്പെടുന്ന ഹർജി തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച അത്യപൂർവമായ വിധി. അത് എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സർഗക്രിയാശേഷിക്ക് അവശ്യംവേണ്ട ബൗദ്ധികസ്വാതന്ത്ര്യത്തെക്കുറിച്ചും ആശയങ്ങൾ പരിധികളില്ലാതെ ഒഴുകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ആയിരുന്നു. എഴുത്തിന്റെയും ചിന്തയുടെയും പേരിൽ പുസ്തകങ്ങളും എഴുത്തുകാരും ഹിംസയ്ക്ക് വിധേയമാകുന്ന കാലത്തുണ്ടായ വിധി എന്നതുമാത്രമല്ല, ഇതിന്റെ പ്രാധാന്യം. അത് ജേണലിസത്തിന്റെയും എഡിറ്റർഷിപ്പിന്റെയും നിർഭയത്വത്തെക്കുറിച്ചുകൂടി അടിവരയിട്ടു. ആശയപ്രകാശനത്തിനുള്ള എഴുത്തുകാരുടെ 'പൊയറ്റിക് ലൈസൻസ്' അത് പ്രസിദ്ധീകരിക്കാനുള്ള എഡിറ്ററുടെ 'എഡിറ്റോറിയൽ ലൈസൻസ്' കൂടിയാണെന്ന് മാധ്യമങ്ങളെ ഓർമിപ്പിച്ച വിധി.

എസ്. ഹരീഷിന്റെ 'മീശ' എന്ന നോവൽ പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്റർ കമൽറാം സജീവ് എടുത്ത തീരുമാനമാണ് ഈ വിധിക്കിടയാക്കിയ കാര്യങ്ങളിലേക്കു നയിച്ചതെന്നുപറയാം. കഥയോ നോവലോ തെരഞ്ഞെടുക്കുന്ന എഡിറ്ററുടെ മുന്നിൽ അത് പ്രസിദ്ധീകരണയോഗ്യമാണോ എന്നൊരു മാനദണ്ഡം മാത്രമാണുണ്ടാകുക. 'മീശ' മലയാളനോവലിൽതന്നെ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന കൃതിയായി ആദ്യവായനയിൽ ബോധ്യപ്പെട്ടുവെന്ന് കമൽറാം സജീവ് ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈയൊരു എഡിറ്റോറിയൽ ന്യായംകൊണ്ടുമാത്രം സാധൂകരിക്കപ്പെടേണ്ടതായിരുന്നു, 'മീശ' പ്രസിദ്ധീകരിക്കാനുള്ള തീരുമാനം. എന്നാൽ, ചില തീവ്രഹിന്ദുത്വസംഘങ്ങൾക്ക് നോവലിലെ നാലോ അഞ്ചോ വരികൾ വീണുകിട്ടുകയും അവർ അതിനെ ആളിക്കത്തിക്കുകയുമായിരുന്നു. നോവൽ പ്രസിദ്ധീകരിക്കാനുള്ള അവകാശവും തീരുമാനവും പരമോന്നത കോടതിപോലും അംഗീകരിച്ചെങ്കിലും കമൽറാം സജീവ് എന്ന എഡിറ്ററുടെ രാജിയിലായിരുന്നു അതിന്റെ പരിസമാപ്തി.

എട്ടര പതിറ്റാണ്ടിനിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രദ്ധേയമായ അഴിച്ചുപണി സാധ്യമാക്കിയ ഒരു ഘട്ടം, കഴിഞ്ഞ 15 വർഷത്തെ കമൽറാം സജീവിന്റെ എഡിറ്റർഷിപ്പാണ്. യാഥാസ്ഥിതികത്വത്തിന്റെയും പാരമ്പര്യത്തിന്റെയും പൂർവഭാരങ്ങളഴിച്ചുകളഞ്ഞ് വായനയെയും ചിന്തയെയും സമകാലികമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ഡസ്‌ക്.


Related Articles