പ്രശസ്ത സംസ്കൃതപണ്ഡിതയും ഇൻഡോളജിസ്റ്റും നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും ഷിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസറുമായ വെൻഡി ഡോനിഗർ മഹാഭാരതത്തെ സസൂക്ഷ്മം പഠിച്ച അമേരിക്കൻ വംശജയാണ്. ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽനിന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും രണ്ട് പിഎച്ച് ഡികൾ നേടിയിട്ടുള്ള ഡോനിഗർ കഴിഞ്ഞ അൻപതുവർഷങ്ങളായി അധ്യാപനരംഗത്തുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ബർക്കിലിയിലും അധ്യാപികയായിരുന്നിട്ടുണ്ട്.
ഇന്ത്യൻ പുരാണേതിഹാസങ്ങളെക്കുറിച്ചും അതിൽ മഹാഭാരതത്തിനുള്ള അദ്വിതീയസ്ഥാനത്തെക്കുറിച്ചും ബഹുഭാഷാപണ്ഡിതയും സംസ്കൃതപ്രൊഫസറുമായ ഡോ. പൂർണിമ മോഹനുമായി സംവദിക്കുകയാണ് പ്രൊഫസർ ഡോനിഗർ.
ഡോ. എച്ച്. പൂർണിമ മോഹൻ: സംസ്കൃതഭാഷയിലൂടെയും ഇന്ത്യൻ ഇതിഹാസങ്ങളിലൂടെയും മഹാഭാരതത്തിലൂടെയുമുള്ള താങ്കളുടെ വിസ്മയനീയവും അത്ഭുതകരവുമായ യാത്ര എപ്പോഴാണ് ആരംഭിച്ചത്?
വെൻഡി ഡോനിഗർ: അതൊരു നീണ്ടകഥയാണ്. 'അമേരിക്കൻ ഗേൾ ഇൻ ഇൻഡ്യ' എന്ന പേരിൽ ഡൽഹിയിൽനിന്ന് ഞാനൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്ത്യയിലേക്ക് വരാനിടയായതെങ്ങനെയെന്ന് അതിൽ പ്രതിപാദിക്കുന്നുണ്ട്. 1962-63 കാലങ്ങളിൽ ഒരു പെൺകുട്ടി തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഇന്ത്യയിലെത്തുന്നു. എന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമായിരുന്നു അത്. അക്കാലത്ത് ഇന്ത്യയിൽ നിന്ന് വീട്ടിലേക്ക് ഞാനയച്ച നിരവധി കത്തുകൾ അമ്മ എടുത്ത് സൂക്ഷിച്ചു വച്ചിരുന്നു. പൊടിതട്ടിയെടുത്ത് കുറച്ചു വിശദീകരണങ്ങളൊക്കെ നൽകി ആ കത്തുകളെല്ലാം ഞാൻ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് വരാനിടയായതും ഇവിടെ ചെലവഴിച്ചതുമായ കാര്യങ്ങളെല്ലാം ആ കത്തുകൾ നന്നായി വിശദീകരിച്ചു തരുന്നുണ്ട്. ഇന്ത്യയോടുള്ള പ്രത്യേകമായ താൽപര്യം എന്നിൽ വളരെ നേരത്തേതന്നെയുണ്ടായിരുന്നു എന്നു വേണം കരുതാൻ. ഇന്ത്യയെ സംബന്ധിക്കുന്ന പുസ്തകങ്ങൾ ആദ്യമായി എനിക്ക് നൽകിയതും അമ്മ തന്നെയായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ലാറ്റിൻ ഭാഷ എന്റെ ഇഷ്ടവിഷയമായിരുന്നു. ലാറ്റിൻ പഠിപ്പിച്ച അധ്യാപിക എന്നെ ഗ്രീക്ക് ഭാഷയിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് പറയാം. ചിലപ്പോൾ എനിക്ക് സംസ്കൃതവും ഇഷ്ടമാകുമെന്നു പറഞ്ഞ് അതിലേക്ക് എന്നെ നയിച്ചതും ആ അധ്യാപികയാണ്. അങ്ങനെയാണ് ഞാൻ പ്രാചീന ഇന്ത്യയിലേക്കും സംസ്കൃതത്തിലേക്കുമൊക്കെ വരുന്നത്. അക്കാലത്ത് ഇ എം ഫോസ്റ്ററുടെ 'പാസേജ് ടു ഇന്ത്യ' വായിക്കാനുമിടയായി. ഉപനിഷത്തുകളുടെ ചില വിവർത്തനങ്ങളും ആയിടയ്ക്ക് ഞാൻ വായിച്ചിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോൾ അന്ന് വായിച്ച വിവർത്തനങ്ങളൊക്കെ അതിഭീകരമായ വിവർത്തനങ്ങളായിരുന്നു എന്നിപ്പോൾ തിരിച്ചറിയുന്നുണ്ടെങ്കിലും അന്നത് മികച്ചതായി തോന്നിയിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഹാർഡ് വാർഡിലെ റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ചേർന്നു. അങ്ങനെ 17 വയസ്സുള്ളപ്പോൾ സംസ്കൃതം പഠിക്കാനാരംഭിച്ചു. ഹാർഡ്വാർഡിൽ പ്രൊഫസർ ഡാനിയൽ ഇംഗൽസായിരുന്നു എന്റെ ആദ്യഗുരു. പിന്നീട് ഒരിക്കലും എനിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പഠിക്കാൻ തിരഞ്ഞെടുത്ത കാര്യങ്ങളിൽ ഒട്ടും ഖേദിക്കേണ്ടിയും വന്നിട്ടില്ല. സംസ്കൃതപഠനത്തെക്കാൾ മറ്റൊന്നിലും ഒരുകാലത്തും എനിക്ക് താൽപര്യമുണ്ടായിട്ടില്ല.
