സംസ്കൃതപണ്ഡിതനും ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമാണ് ടി.എസ്. ശ്യാംകുമാര്‍. മത ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണദ്ദേഹം. സംസ്കൃത വരേണ്യതയ്ക്കെതിരെയും അധീശത്വത്തിനെതിരെയും ധീരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ ശാരീരികമായ ആക്രമണത്തിനുവരെ ഇദ്ദേഹം ഇരയായിട്ടുണ്ട്. തന്‍റെ ജീവിതത്തെയും നിലപാടുകളെയും കുറിച്ച് ശ്യാംകുമാര്‍ സംസാരിക്കുന്നു.
രാജേഷ് കെ.എരുമേലി: പത്താം ക്ലാസിനുശേഷം സംസ്കൃതപഠനത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
ഡോ. ടി.എസ്. ശ്യാംകുമാർ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വീയപുരത്താണ് ഞാന്‍ ജനിച്ചത്. എന്‍റെ ചെറുപ്പകാലം കെട്ടുകഥകളുടെയും പുരാണങ്ങളുടേതുമൊക്കെയായിരുന്നു. ആലീസ് ഇന്‍ വണ്ടര്‍ലാന്‍റ് എന്നൊക്കെ പറയുംപോലെ കഥകളുടെ ഒരു ലോകമായിരുന്നു വീട്. അച്ഛന്‍റെ അമ്മ അതായത് അമ്മൂമ്മ ധാരാളം കഥകള്‍ പറഞ്ഞു തരുമായിരുന്നു. ബൈബിളിലെയും ഖുറാനിലെയും കഥകള്‍ക്കൊപ്പം വിഷ്ണു, ശിവന്‍, ബ്രഹ്മാവ് ഉള്‍പ്പെടെ ഒരുപാട് പുരാണ കഥാപാത്രങ്ങള്‍വരെ അമ്മൂമ്മയുടെ കഥയില്‍ വരും എന്നതാണ് കഥപറച്ചിലിന്‍റെ പ്രത്യേകത. കൃഷ്ണനെക്കുറിച്ചും കൃഷ്ണലീലയെക്കുറിച്ചും നാരായണഗുരുവിനെക്കുറിച്ചും ഭാഗവതപുരാണമെല്ലാം കേള്‍ക്കുന്നത് അമ്മൂമ്മയില്‍നിന്നാണ്. ചെറുപ്പകാലത്ത് പുസ്തകങ്ങള്‍ വായിച്ചില്ലെങ്കിലും ഈ കഥകളെല്ലാം ഹൃദിസ്ഥമാക്കാന്‍ സാധിച്ചു. അങ്ങനെ ഭാവനയുടെ ലോകം എന്നില്‍ രൂപപ്പെട്ടു. അങ്ങനെ ചെറുപ്പത്തില്‍തന്നെ എനിക്ക് ഭക്തിയിലേക്കു നീങ്ങാനുള്ള താത്പര്യമുണ്ടായി. എനിക്ക് ഭക്തിയുണ്ടെങ്കിലും അടുത്ത് ക്ഷേത്രങ്ങളൊന്നുമില്ല. എന്‍റെ വീടിനു തൊട്ടടുത്തുള്ളത് ഒരു ഗുരുമന്ദിരമായിരുന്നു. അങ്ങനെ ഗുരുമന്ദിരത്തോട് അടുപ്പം തോന്നി. ക്രമേണ അവിടെ പോയിത്തുടങ്ങി. അവിടുത്തെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതോടെ സാമൂഹികമായ ഒരു അടുപ്പമുണ്ടായി. ഏഴാം ക്ലാസില്‍ എത്തുമ്പോഴേക്കും ഗുരുവിന്‍റെ കൃതികളെല്ലാം പഠിച്ചുകഴിഞ്ഞിരുന്നു. പത്താംക്ലാസില്‍ എത്തിയപ്പോഴേക്കും ഗുരുമന്ദിരവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ആ സമയത്ത് ശിവഗിരിയിൽ പോയി സന്ന്യാസം ചെയ്താലോ എന്ന് ഒരു ആലോചനയുണ്ടായി. അങ്ങനെ ശിവഗിരിയില്‍ പോവുകയും ഇപ്പോള്‍ സമാധിയായ വിദ്യാനന്ദസ്വാമിക്കൊപ്പം കുറെനാള്‍ അവിടെ താമസിക്കുകയും ചെയ്തു. ഇദ്ദേഹമാണ് സംസ്കൃതം ആഴത്തില്‍ പഠിക്കണമെന്നു പറഞ്ഞത്.
