തമിഴിലും മലയാളത്തിലും രചന നിർവ്വഹിച്ച ദ്വിഭാഷാ എഴുത്തുകാരൻ, വിവർത്തകൻ, മലയാളം തമിഴ് പ്രഭാഷകൻ, അറബിത്തമിഴ് ഗവേഷകൻ, മലയാളത്തിനും തമിഴിനുമിടയിലെ സാംസ്‌കാരികബന്ധത്തിന്റെ സന്ദേശവാഹകൻ... ഇങ്ങനെ പലതുമായിരുന്നു ഇക്കഴിഞ്ഞ മാസം അന്തരിച്ച പ്രമുഖ തമിഴ് എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ. മലയാളിയെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതനാണദ്ദേഹം. എഴുത്തുകാരനായും വറ്റൽമുളക് വ്യാപാരിയായും മീരാൻ അനവധി തവണ കേരളത്തിൽ വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ മലബാറിലെ സാഹിത്യസാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
മീരാൻ കൃതികളിലെ ഒട്ടുമിക്ക പ്രമേയ പരിസരങ്ങളും മലയാളിക്ക് ഏറെ പരിചിതമായ ലോകമാണ്. അതിനാൽ മലയാളി വായനാസമൂഹത്തിന് ഒരു മലയാളം എഴുത്തുകാരനെപ്പോലെയായിരുന്നു മീരാൻ എന്നു പറഞ്ഞാൽ അതിശയോക്തിപരമാവില്ല. വർഷങ്ങൾക്കു മുമ്പ് തഞ്ചാവൂരിൽ നടന്ന ലോക തമിഴ് സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയിലെ തമിഴ് ഭാഷാ സാഹിത്യ അധ്യാപകനായ ഡോ. രബി സിങ് അവതരിപ്പിച്ച ''തോപ്പിൽ മുഹമ്മദ് മീരാനും വൈക്കം മുഹമ്മദ് ബഷീറും ഒരു താരതമ്യ പഠനം'' എന്ന പ്രബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ('ബഷീറും മീരാനും' എന്ന തലവാചകത്തിൽ ഡോ. എം. എൻ. കാരശ്ശേരി ഈ പ്രബന്ധം വിവർത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയുണ്ടായി).
ഒരു കടലോര ഗ്രാമത്തിൻ കതൈ (1988, The story of Sea Side village), തുറൈമുഖം (1991, Harbour) കൂനൻ തോപ്പ് (1993, The Grove of a Hunchback) ചായ് വു നാർക്കലി (1995, The Realining chair), അഞ്ചു വണ്ണംതെരു (2011) എന്നീ തമിഴ് നോവലുകളുടെയും അൻപുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ, ഒരു മാമരമും കൊഞ്ചം പറവൈകളും എന്നീ കഥാസമാഹാരങ്ങളുടെയും എരിഞ്ഞുതീരുന്നവർ (നോവൽ) ആരോടും ചൊല്ലാതെ (ലേഖന സമാഹാരം) എന്നീ മലയാളം കൃതികളുടെയും കർത്താവാണദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, തമിഴ്‌നാട് സർക്കാർ അവാർഡ്, ഭാരതിയാർ അവാർഡ്, തമിഴ്‌നാട് പുരോഗമന സാഹിത്യ സംഘടനാഅവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ മീരാനെ തേടിയെത്തിയിട്ടുണ്ട്. ഒരു കടലോര ഗ്രാമത്തിന്റെ കഥ എന്ന നോവൽ ക്രോസ് വേഡ് അവാർഡിനു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷനൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാക്ഷ്യങ്ങൾ (സച്ചിദാനന്ദൻ) ദൈവത്തിന്റെ കണ്ണ് (എൻ. പി. മുഹമ്മദ്) തൃക്കോട്ടൂർ നോവലുകൾ (യു .എ. ഖാദർ) വൈക്കം മുഹമ്മദ് ബഷീർ, ബദ്‌റുൽ മുനീർ (എം.എൻ. കാരശ്ശേരി) മീസാൻ കല്ലുകളുടെ കാവൽ (പി.കെ. പാറക്കടവ്) മതഭ്രാന്തൻ (ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്) തുടങ്ങി ഒട്ടേറെ രചനകൾ അദ്ദേഹം മലയാളത്തിൽനിന്ന് തമിഴിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മീരാന്റെ വിടവാങ്ങൽ തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനുമെന്ന പോലെ മലയാളത്തിനും തീരാനഷ്ടമാണ്.
