കുടിയേറ്റ രാഷ്ട്രീയവും  ആദിവാസികളും

Interview

കുടിയേറ്റ രാഷ്ട്രീയവും ആദിവാസികളും


കെ. പാനൂർ അന്തരിച്ചിട്ട് ഫെബ്രുവരി 20-ന് നാലുവർഷം തികഞ്ഞു. അദ്ദേഹത്തിന്റെ അവസാനനാളുകളിൽ, ഓർമ്മകൾക്ക് മങ്ങലേൽക്കുന്നതിനു മുമ്പ് നടത്തിയ അഭിമുഖ സംഭാഷണമാണിത്. പാനൂർ മേഖലയിലെ ഒരു വായനശാല ആവശ്യപ്പെട്ടപ്രകാരമായിരുന്നു അഭിമുഖം നടത്തിയത്. എന്നാൽ അപ്രിയസത്യങ്ങൾ കൂടിപ്പോയതിനാൽ അഭിമുഖം പ്രസിദ്ധീകരിക്കാൻ വായനശാലയുടെ സുവനീർ കമ്മിറ്റി തയ്യാറായില്ല. കെ. പാനൂർ എന്നും അപ്രിയസത്യങ്ങളായിരുന്നു വിളിച്ചുപറഞ്ഞത്. പ്ലസ്റ്റു പരീക്ഷാനടത്തിപ്പിലെ ചില അശാസ്ത്രീയ വശങ്ങൾ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ചൂണ്ടിക്കാണിച്ചതിന് പയ്യന്നൂരിലെ പി. പ്രേമചന്ദ്രൻ എന്ന അധ്യാപകനെതിരെ 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടത്തിലെ 60 എ വകുപ്പ് വീണ്ടും പൊടിതട്ടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ് കുറ്റപത്രം നൽകിയ സവിശേഷ സാഹചര്യത്തിലാണ് കെ. പാനൂരിന്റെ പോരാട്ടവും വാക്കുകളും ഇപ്പോഴും പ്രസക്തമായിത്തീരുന്നത്.

1960 കളിൽ ട്രൈബൽ ഓഫീസറായി ജോലി ചെയ്യുമ്പോൾ കെ. പാനൂർ കണ്ടറിഞ്ഞ ഗോത്രജീവിതം പുറം ലോകത്തെ അറിയിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ കേരളീയസമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകം പ്രസിദ്ധീകൃതമായതോടെ ഗോത്രജനതയും അവരുടെ സമാനതകളില്ലാത്ത ജീവിതവും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നിലേക്ക് മറനീക്കിക്കടന്നുവന്നു. യാഥാർഥ്യങ്ങളെ അവതരിപ്പിച്ച അക്ഷരങ്ങളെ ഭയന്ന ഭരണകൂടം നടത്തിയ ക്രൂരമായ ഇടപെടലുകൾ കേരളത്തിന്റെ സാംസ്‌കാരികചരിത്രമാണ്. കേരളനിയമസഭയിൽ പുതിയ ഭൂപരിഷ്‌കരണം സംബന്ധിച്ച ചർച്ചകൾക്കിടയിൽ ഒ. കോരൻ എം.എൽ.എ 'കേരളത്തിലെ ആഫ്രിക്ക'യുടെ ഒരു കോപ്പി സ്പീക്കർക്ക് മുമ്പിൽ ഹാജരാക്കി. വയനാട്ടിലെ ആദിവാസി ജനത നയിക്കുന്ന അടിമജീവിതത്തിന്റെ ലിഖിതരേഖയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സർക്കാർ 'ഉണർന്ന് പ്രവർത്തിച്ചു'. സർക്കാർ ജീവനക്കാരനായ കെ. പാനൂരിനെതിരെ ഡിഫൻസ് ഓഫ് ഇന്ത്യാ റൂൾസ് അനുസരിച്ച് നടപടിയെടുക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തരവകുപ്പ് മന്ത്രി പി. ടി. ചാക്കോ നടത്തി. എന്നാൽ അതിന് നിയമസാധുതയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ, ഗവൺമെന്റ് സെർവന്റ്‌സ് കണ്ടക്റ്റ് റൂൾസ് അനുസരിച്ച് നടപടിയെടുക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. സർക്കാറുദ്യോഗസ്ഥർ പുസ്തക പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിയമം ലംഘിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ഡിപ്പാർട്ട്‌മെന്റ് തലവനായ സി.കെ.കൊച്ചുകോശി ഐ.എ.എസ്, ഏറ്റവും മികച്ച രചനയാണെന്ന് ഗ്രന്ഥകാരനെ പ്രശംസിക്കുകയായിരുന്നു ചെയതത്. അദ്ദേഹം കൊല്ലം കലക്ടറായി പോയപ്പോൾ പകരം വന്നയാൾ എഴുത്തുകാരനെതിരെ പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചു. കെ. പാനൂരിനെ സർവീസിൽനിന്ന് ഡിസ്മിസ് ചെയ്യാനും പുസ്തകം നിരോധിക്കുവാനുമുള്ള ശ്രമങ്ങൾ ശക്തമായി. പ്രതിപക്ഷ എം.എൽ.എയായിരുന്ന സി. അച്യുതമേനോൻ, ഗവൺമെന്റ് നീക്കങ്ങളെ ചോദ്യം ചെയ്തു. 'മാതൃഭൂമി' മുഖപ്രസംഗം എഴുതി. സാംസ്‌കാരികപ്രവർത്തകരുടെ ഇടപെടലുകളുണ്ടായി.ഈ ഘട്ടത്തിൽ 1965 ൽ ഈ കൃതിക്ക് യുനെസ്‌കോ അവാർഡ് ലഭിച്ചു. അതിനിടയിൽ പി.ടി. ചാക്കോ രാജിവച്ചൊഴിയുകയും ആഭ്യന്തര വകുപ്പിൽ സെക്രട്ടറിയായി സി.കെ.കൊച്ചുകോശി എത്തിച്ചേരുകയും ചെയ്തതോടെ പ്രശ്‌നങ്ങൾ അവസാനിച്ചു. 'കേരളത്തിലെ ആഫ്രിക്ക' മലയാളിയുടെ സാംസ്‌കാരികജീവിതത്തെ നിരന്തരം ഇന്നും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. കെ.പാനൂരിന്റെ ഓരോ കൃതിയും മലയാളിയോട് മൗലികമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

ഡോ. ടി.കെ. അനിൽകുമാർ: ഞാൻ മനസ്സിലാക്കിയിടത്തോളം 'കേരളത്തിലെ ആഫ്രിക്ക' എന്ന കൃതിയേക്കാൾ കൂടുതൽ പ്രതിസന്ധി അനുഭവിക്കേണ്ടിവന്നത് രണ്ടാമത്തെ പുസ്തകമായ 'മലകൾ താഴ്‌വരകൾ മനുഷ്യർ' എന്ന രചനയ്ക്കാണ്. ശരിയാണോ?


Related Articles