ആയിരക്കണക്കിന് ശവശരീരങ്ങൾ കീറിമുറിച്ച് നിയമത്തിനും നീതിക്കും മുന്നിൽ എത്തിക്കുകയും അവയെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്ത ഫൊറൻസിക് സർജനാണ് ഡോ. ഷെർലി വാസു. ജോലി എന്നതിനപ്പുറം അതൊരു സാമൂഹികപ്രവർത്തനമായി കണ്ടും പ്രവർത്തിച്ചും ജീവിച്ചു എന്നതാണ് ഡോ. ഷെർലിയുടെ പ്രസക്തി.
പച്ചക്കുതിരയുടെ 2006 നവംബർ ലക്കത്തിൽ ഡോ. ഷെർലി വാസുവുമായി ഒരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് അവർ കോഴിക്കോട് ഗവ. മെഡിക്കൽ കൊളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു. മലയാളത്തിലെ ഒരു ആനുകാലികത്തിൽ ആദ്യമായാണ് ശവശരീരങ്ങളുടെ ചരിത്രവും നീതിയും സ്വന്തം അനുഭവങ്ങളും മുൻനിർത്തി ഇത്തരത്തിൽ ഒരു അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടത്. തുടർന്ന് 'പോസ്റ്റുമോർട്ടം ടേബിൾ' എന്ന, ഒന്നരവർഷം നീണ്ട ഒരു ലേഖനപരമ്പരയും പച്ചക്കുതിരയിൽ വന്നു. അത് പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
കേരളത്തിലെ ആദ്യത്തെ വനിതാ ഫൊറൻസിക് സർജനായ ഡോ. ഷെർലിയുമായി നടത്തിയ, ആ മേഖലയിൽ പകരം വെക്കാനില്ലാത്ത അഭിമുഖസംഭാഷണം, അവരുടെ ആകസ്മമായ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്.
