കലാകാരന്റെ പൗരത്വപ്രശ്‌നങ്ങൾ

Interview

കലാകാരന്റെ പൗരത്വപ്രശ്‌നങ്ങൾ


സആദത് ഹസൻ മൻടോ (Saadat Hasan Manto,1912-1955) ഇന്ത്യയുടെ വിഭജനകാലത്ത് ബോംബെയിൽ ജീവിച്ചിരുന്ന ഉറുദു ചെറുകഥാകൃത്തും, അക്കാലത്ത് ശ്രദ്ധേയനായി വന്ന ഒരു തിരക്കഥാകൃത്തും ആയിരുന്നു. വിഭജനത്തിനുശേഷം പാകിസ്താനിലെ ലഹോറിലേക്കു പോകേണ്ടി വന്ന മൻടോയുടെ സാഹിത്യസൃഷ്ടികൾ ഇന്ത്യാവിഭജനത്തിന്റെ വേദനയും ദുരന്തവും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. വിശ്രുത സിനിമാതാരമായ നന്ദിതാ ദാസിന്റെ സംവിധാനത്തിൽ 'മൻടോ' (Manto) എന്ന ചലച്ചിത്രം 2018-ൽ പുറത്തിറങ്ങി. അതിനുശേഷം Manto and I (ഞാനും മൻടോയും തമ്മിൽ) എന്ന പേരിൽ നന്ദിതാദാസ് പുസ്തകവും പ്രസിദ്ധീകരിച്ചു. എഴുത്തുകാരനും ആക്ടിവിസ്റ്റും അഭിമുഖക്കാരനുമായ വിവേക് തെജൂജ നന്ദിതാ ദാസുമായി സംസാരിക്കുന്നു.

വിവേക് തെജൂജ: പലരും മുമ്പും ചോദിച്ചിട്ടുള്ള ചോദ്യമാണ്. എങ്കിലും, ആവർത്തന വിരസത ഉണ്ടാകാതെ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മൻടോ ഈ കാലത്തും പ്രസക്തനാകുന്നത്? എന്താണ് താങ്കളെ മൻടോവിലേക്ക് അടുപ്പിച്ചത്?

നന്ദിതാദാസ്: പത്തു ഭാഷകളിലായി ഞാൻ നാല്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു സിനിമകളേ ഞാൻ സംവിധാനം ചെയ്തിട്ടുള്ളൂ. 2008-ൽ ആദ്യ സംവിധാനം നിർവഹിച്ച ഫിറാഖ് (Firaaq), 2018-ൽ മൻടോ (Manto). 2012-ൽ മൻടോയുടെ ജന്മശതാബ്ദി വർഷത്തിലാണ് മൻടോ വീണ്ടും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. വളരെ തീക്ഷ്ണമായ അദ്ദേഹത്തിന്റെ ചെറുകഥകളും മറ്റും കോളജ് പഠനകാലത്തു ഞാൻ വായിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിക്കാൻ തുടങ്ങിയത് 2012-ലാണ്. ലേഖനങ്ങൾ വായിച്ചപ്പോഴാണ് കഥാകൃത്തിനു പിന്നിലുള്ള എഴുത്തുകാരനെയും അദ്ദേഹത്തിന്റെ ചിന്തകളെയും പരിചയപ്പെടുന്നത്. ആദ്യമൊന്നും അദ്ദേഹത്തെപ്പറ്റി സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായില്ല. എന്നാൽ കൂടുതൽ ആഴത്തിൽ വായിക്കുംതോറും അദ്ദേഹം ഉന്നയിക്കുന്ന സ്വത്വവാദപരമായ (identity questions)പല കാര്യങ്ങളും എന്നിൽ അനുരണനങ്ങളുണ്ടാക്കി. ഇത്തരം സ്വത്വവാദപരമായ ചോദ്യങ്ങൾ, മതത്തെപ്പറ്റിയും ജാതിയെപ്പറ്റിയും ലിംഗഭേദത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും മറ്റുമുള്ള ചോദ്യങ്ങൾ വളരെ തീക്ഷ്ണമായ ഒരു കാലഘട്ടമാണിത്. ചില സ്വത്വങ്ങൾ അഭിമാനമേകുമെങ്കിൽ, ചിലവ അപമാനകരമാണ്. നമ്മൾ അപരന്മാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. വിഭജനകാലമായിരുന്നു ഇത്തരം സ്വത്വവാദത്തിന്റെ കേളീരംഗമായിരുന്ന ഒരു കാലം. വർഷങ്ങളായി നമ്മൾ ഇതുതന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നത്. മൻടോയുടെ ചിന്തകളും ഈ കാലഘട്ടത്തിന്റെ സമസ്യകളും തമ്മിലുള്ള ഒരു സംഭാഷണം ആണ് ഞാൻ മനസ്സിൽ കണ്ടത്.


Related Articles