അക്ഷരങ്ങളേ  നന്ദി

Interview

അക്ഷരങ്ങളേ നന്ദി


എം.ടി. വാസുദേവൻ നായർ തന്റെ ഇരുപതുകളിൽത്തന്നെ സാഹിത്യത്തിന്റെ മുൻനിരയിൽ ഇരിപ്പിടം നേടിയ എഴുത്തുകാരനാണ്. മികവുറ്റ ചെറുകഥകളും അത്രതന്നെ ശ്രദ്ധ നേടിയ നോവലുകളുമായി, കവിതയിൽ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന അത്രയും കീർത്തിയിലേയ്ക്ക് എം.ടി. സഞ്ചരിച്ചു. അടുത്ത വർഷം ജൂലൈയിൽ അദ്ദേഹം നവതിയിലെത്തുകയാണ്! എം.ടിക്ക് എഴുപതുവയസ്സു തികഞ്ഞ സന്ദർഭത്തിൽ (2003), ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായിരുന്ന കെ.പി. മോഹനൻ നടത്തിയ അഭിമുഖ സംഭാഷണമാണിത്. ഈ സംഭാഷണം ആദ്യമായി അച്ചക്കപ്പെടുകയാണ്. സർഗ്ഗപ്രക്രിയയെ തന്റെ ആന്തരികലോകമായി സൂക്ഷിക്കാറുള്ള എം.ടി ഈ അഭിമുഖത്തിൽ കുറെയധികം മനസ്സ് തുറക്കുന്നു.

കെ.പി.മോഹനൻ: നീണ്ട എഴുപതുവർഷങ്ങൾ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സിനിമയുടെയും സമഗ്രതയിലൂടെ താങ്കൾ സഞ്ചരിച്ചു. ഈ ഘട്ടത്തിൽ എന്താണു പറയാനുള്ളത്?

എം.ടി. വാസുദേവൻ നായർ: എഴുപതുവർഷം ജീവിതത്തിന്റെ ഒരു നിർണ്ണായകമായ ഘട്ടമാണ്, നമ്മുടെ നാട്ടിൽ. പുറത്തൊന്നും അങ്ങനെയില്ല. പുറത്ത് അറുപത്, എഴുപത് ഇതൊന്നും ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല. ഇതൊരു പ്രകൃതിനിയമമാണ്. വർഷങ്ങൾ കടന്നുപോകും. ഋതുഭേദങ്ങൾ സംഭവിക്കുന്നതുപോലെത്തന്നെ വർഷങ്ങൾ കടന്നുപോകും. വാർധക്യം കടന്നുവരും. വാർധക്യത്തിന്റെ പിറകിൽ എവിടെയോ ഒരു ചെറിയ മന്ദഹാസത്തോടെ മരണത്തിന്റെ നിഴൽപ്പാട് പതുങ്ങിയിരിക്കുന്നുണ്ടാവും. അതിൽ ആവലാതിപ്പെടാനൊന്നും ഇല്ല.


Related Articles