ആഖ്യാനത്തിന്റെ വേറിട്ട വഴികളിലൂടെ യാഥാർഥ്യത്തിന്റെ കഥാകഥനം സാധ്യമാക്കിയ അരുന്ധതിറോയി എന്ന എഴുത്തുകാരിയുമായി അഞ്ജന ശങ്കർ കോഴിക്കോട് കെ.എൽ.എഫ്. വേദിയിൽ നടത്തിയ അഭിമുഖസംഭാഷണമാണ് ഇത്. റോഹിംഗ്യൻ അഭയാർത്ഥി പ്രശ്‌നത്തെക്കുറിച്ചും യമൻ യുദ്ധത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്തിട്ടുള്ള അഞ്ജനാശങ്കർ, ഇപ്പോൾ യു.എ.ഇ.യിൽ ഖലീജ് ടൈംസ് പത്രത്തിൽ ജോലി ചെയ്യുന്നു. രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും സാഹിത്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന പുതിയ എഴുത്തിന്റെ വഴികളെക്കുറിച്ച് അരുന്ധതി സംസാരിക്കുന്നു.
അഞ്ജന ശങ്കർ: സാന്ത്വനം നിഷേധിക്കപ്പെട്ട ലോകത്തിന് അത്യാനന്ദത്തിന്റെ പരകോടി നൽകിയ, 'കുഞ്ഞുകുഞ്ഞു കാര്യങ്ങളുടെ ദൈവ'ത്തെ നൽകിയ എഴുത്തുകാരിയാണ് അരുന്ധതി റോയി. സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും എന്നും ശബ്ദം കൊടുത്ത എഴുത്തുകാരി. അഭിപ്രായസ്വാതന്ത്ര്യം നിരസിക്കപ്പെടുന്ന കെട്ടകാലത്ത് അരുന്ധതിയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. ആ വാക്കുകൾ നാം ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട്.
അരുന്ധതി റോയി: ശബ്ദമില്ലാത്തവർക്ക് ശബ്ദം കൊടുക്കുന്ന എഴുത്തുകാരിയാണ് ഞാനെന്ന അഭിപ്രായത്തോട് എനിക്കൊട്ടും യോജിപ്പില്ല. 'ശബ്ദമില്ലാത്തവർ' എന്ന പ്രയോഗംതന്നെ ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. യഥാർത്ഥത്തിൽ ശബ്ദമില്ലാത്തവരായി ആരുമില്ല. ബോധപൂർവ്വം അടിച്ചമർത്തപ്പെടുന്ന ശബ്ദങ്ങൾ മാത്രമേ ഇവിടെയുള്ളൂ. അല്ലെങ്കിൽ അത്തരം ശബ്ദങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതായിരിക്കും. മറ്റാരുടെയെങ്കിലും പ്രതിനിധിയാണ് ഞാനെന്നു വിചാരിക്കുന്നുമില്ല. എന്നോടൊപ്പം ജീവിക്കുന്ന എല്ലാ മനുഷ്യരെയും ഒരുപോലെ ഉൾക്കൊള്ളുന്നതും എന്നാൽ ആരെയും പ്രതിനിധീകരിക്കാത്തതുമായ ഒരു വ്യക്തിയാണ് ഞാൻ.
