അംബേദ്കറിലൂടെ ഇന്ത്യാചരിത്രം

Interview

അംബേദ്കറിലൂടെ ഇന്ത്യാചരിത്രം


രണഘടനാശില്പിയായ ഡോ. ഭീം റാവു അംബേദ്കറെപ്പോലെ ദലിത് വിഭാഗത്തിൽ ജനിച്ചുവളർന്ന് ലോകപ്രശസ്തമായ വിദേശ സർവകലാശാലകളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ യുവപണ്ഡിതനായ സൂരജ് യെങ്‌ഡേ, സ്‌ഫോടനാത്മകമായ 'കാസ്റ്റ് മാറ്റേഴ്‌സ്' എന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചയിതാവാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും അതിലൂടെ ദലിത് സമൂഹത്തിന് അനുഭവിക്കേണ്ടിവരുന്ന നിന്ദകളെയും അപമാനങ്ങളെയും പീഡനങ്ങളെയും കുറിച്ച് ഉള്ളുലയ്ക്കുന്ന മട്ടിലെഴുതിയ യെങ്‌ഡേ, പ്രഭാഷകനും രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരനുമായ ശശി തരൂരുമായി ദലിത് ജീവിതാവസ്ഥകളെക്കുറിച്ചും തരൂർ അടുത്തിടെ രചിച്ച 'അംബേദ്ക്കർ' എന്ന ജീവചരിത്രഗ്രന്ഥത്തെക്കുറിച്ചും കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് സംവദിക്കുകയുണ്ടായി. സംവാദത്തിൽ നിന്ന്.

സൂരജ് യെങ്‌ഡേ: അംബേദ്കറിനെക്കുറിച്ചുള്ള പുതിയ ഒരു ജീവചരിത്രകൃതിയുമായിട്ടാണ് ഡോക്ടർ ശശി തരൂർ വന്നിരിക്കുന്നത്. എങ്ങനെയാണ് ഈയൊരു വിഷയത്തിൽ താൽപര്യമുണ്ടായത്? അത്തരമൊരു താൽപര്യത്തെ ഗ്രന്ഥരചന എന്ന തലത്തിലേക്ക് എത്തിച്ചത് എങ്ങനെയാണ്?

ശശി തരൂർ: സമകാലിക ഇന്ത്യാചരിത്രത്തിലുള്ള താൽപര്യം കൊണ്ടുതന്നെയാണ് ഞാൻ ഈ പുസ്തകത്തിന്റെ രചനയിലേക്ക് വരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് വായിക്കുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ഭരണഘടനാ നിർമ്മാണസഭയിലെ സംവാദങ്ങൾ, 1947 കാലഘട്ടത്തിൽ ഇന്ത്യയെന്ന പുതുരാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിനുള്ള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളൊക്കെ നമ്മുടെ വിചാരമണ്ഡലത്തിലേക്ക് സ്വാഭാവികമായി കടന്നുവരും. ഈ കാലഘട്ടത്തെക്കുറിച്ചോർക്കുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന വേറിട്ട ഒരു വ്യക്തിത്വം അംബേദ്കറുടേതു തന്നെയാണ്. സാധാരണഗതിയിൽ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന പേര് ജവഹർലാൽ നെഹ്‌റുവിന്റേത് ആയിരിക്കാം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഹ്രസ്വവും സരളവുമായ ഒരു ജീവചരിത്രം ഞാൻ മുൻപ് രചിച്ചിട്ടുണ്ട്, 2003 ൽ. അതേ മാതൃകയിൽ ഡോക്ടർ അംബേദ്കറെക്കുറിച്ചും ഹ്രസ്വമായ ഒരു ജീവചരിത്രമെഴുതുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞാനും എന്റെ പബ്ലിഷറും ആലോചിച്ചിരുന്നു. ഇപ്പോഴത്തെ ടിക് ടോക് തലമുറയിലുള്ള വായനക്കാർക്ക് വിശദാംശങ്ങളിലേക്ക് കടക്കുന്ന കനത്ത പുസ്തകങ്ങളോട് വലിയ താൽപര്യമില്ല എന്നു ഞാൻ മനസിലാക്കിയിട്ടുണ്ട്. മഹത്തും സംഭവബഹുലവുമായ ജീവിതം ജീവിച്ച നെഹ്‌റുവിനെയും അംബേദ്കറിനെയും പോലെയുള്ളവരെക്കുറിച്ച് കുറേ വാല്യങ്ങളുള്ള പുസ്തകങ്ങളാണ് വാസ്തവത്തിൽ ഉണ്ടാകേണ്ടത്. എങ്കിലും, പുതിയ തലമുറകൂടി സ്വീകരിക്കാനിടയുള്ള ഹ്രസ്വവും സംക്ഷിപ്തവുമായിട്ടുള്ള ഒരു ജീവചരിത്ര ഗ്രന്ഥമുണ്ടാക്കാമെന്ന ഒരു ആശയം രൂപപ്പെട്ടുവന്നു. മഹാനായ ഒരു വ്യക്തിയുടെ ജീവിതത്തിലെ അറിയപ്പെടുന്ന കാര്യങ്ങളെല്ലാം ചേർത്തുവച്ച് ആ വ്യക്തിയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ വിലയിരുത്താൻ കൂടി ഇത്തരം ജീവചരിത്രഗ്രന്ഥങ്ങളിലൂടെ ഞാൻ ശ്രമിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയി അധികാരത്തിലിരിക്കുന്ന കാലത്താണ് നെഹ്രുവിനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നെഹ്രുവിയനിസം ആദ്യമായി ആക്രമിക്കപ്പെടുന്ന ഒരു കാലഘട്ടം കൂടിയാണത്. പിന്നീട് ഇക്കാലം വരെ നെഹ്രുവിയനിസം നേരിട്ട അക്രമണങ്ങളെ പ്രതിരോധിക്കാൻ എന്റെ പുസ്തകത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.


Related Articles