കണ്ണെഴുതി പൊട്ടുതൊട്ട്, കാഞ്ചീപുരം സാരി ചുറ്റി, മുക്കുത്തി കമ്മലിട്ട്, മോതിരവും കൈവളകളുമായി ഉച്ചസ്ഥായിയിൽ പോപ്പ്‌സംഗീതമാലപിക്കുന്ന ഒരു ഗായികയെ സങ്കൽപ്പിച്ചാൽ അത് ഉഷാ ഉതുപ്പിനെപ്പോലിരിക്കും. ലോകത്ത് ഒരേയൊരു ഉഷാ ഉതുപ്പെയുള്ളു. ദേശാതീതവും കാലാതീതവും ഭാഷാതീതവുമായി സംഗീതത്തിൻറെ അനന്തവിഹായസ്സിൽ പാടിപ്പറക്കുന്ന ഉഷാ ഉതുപ്പ് പാശ്ചാത്യസംഗീതത്തിന്റെയും ഭാരതീയ സംഗീതത്തിന്റെയും പോപ്പുലർ സംഗീതത്തിന്റെയുംസംഗമസ്ഥാനമാണ്. വേറിട്ട ശബ്ദം കൊണ്ടും അവതരണരീതികൊണ്ടും അമ്പരിപ്പിച്ച കലാകാരി. ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ഏറെ പ്രശസ്ത. പത്മശ്രീബഹുമതി നല്കി ആദരിച്ച കലാകാരി.
സ്വതന്ത്രയിന്ത്യയോടൊപ്പം ജനിച്ചു വളർന്ന ഈ ഗായികയുടെ ജീവചരിത്രം 'ക്വീൻ ഓഫ് ഇന്ത്യൻ പോപ്പ്' പെൻഗ്വിൻ ബെസ്റ്റ് സെല്ലറാണ്. ജീവചരിത്രപുസ്തകമെഴുതിയ സൃഷ്ടി ഝാ, മാധ്യമപ്രവർത്തകയായ അഞ്ജന ശങ്കർ എന്നിവരോടൊപ്പം ഉഷ ഉതുപ്പ് പങ്കെടുത്ത കെ. എൽ. എഫ് വേദിയിലെ സംഭാഷണം വായിക്കൂ.
അഞ്ജനാ ശങ്കർ: കാഞ്ചിപുരം പട്ടുസാരിയിൽ കോഴിക്കോട് എത്തിയ റോക്ക് സ്റ്റാർ. ഉഷാ ഉതുപ്പ്. ഇന്ത്യൻ പോപ്പ് സംഗീതത്തിന്റെ റാണി. എഴുപത്തിയഞ്ചാം വയസ്സിലും നവോന്മേഷത്തോടെ ഊർജ്ജസ്വലയായി ആടിപ്പാടി നടക്കുന്നു.
